pocso

കൊച്ചി : വ്യാജ പോക്‌സോ കേസുകളിൽ പ്രതിയാക്കപ്പെടുന്നവരാണ് യഥാർത്ഥ ഇരകളെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. പൊലീസ് 'എഴുതിപ്പൊലിപ്പിച്ച' വ്യാജ പോക്സോ കേസിലെ പ്രതി കോട്ടയം അയർകുന്നം സ്വദേശി രാംലാലിനെതിരായ കേസും കുറ്റപത്രവും സിംഗിൾ ബെഞ്ച് റദ്ദാക്കി.

സ്കൂൾ വാൻ ഓപ്പറേറ്ററായ രാംലാലിനെതിരെ പതിമൂന്നു വയസുകാരി നൽകിയ പരാതിയാണ് കേസ് അടിസ്ഥാനം. 2018 ആഗസ്റ്റ് 14 ന് സ്കൂളിൽ നിന്ന് വീട്ടിലേക്ക് വാനിൽ വരുമ്പോൾ അടുത്തു വന്നിരുന്ന രാംലാൽ തോൾകൊണ്ട് കൈയിൽ ഇടിച്ചെന്ന കുട്ടിയുടെ മൊഴിയെത്തുടർന്നാണ് പാമ്പാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. രാംലാലിനോട് മാറിയിരിക്കാൻ ആവശ്യപ്പെട്ടെന്നും അയാൾ മറ്റൊരു സീറ്റിലേക്ക് മാറിയെന്നും പെൺകുട്ടി പ്രഥമ വിവര മൊഴിയിൽ പറയുന്നു.

കുറ്റപത്രത്തിന്റെ ഘട്ടത്തിലേക്ക് എത്തിയപ്പോൾ സ്ഥിതി മാറി. രാംലാൽ തന്റെ ശരീരത്തിൽ ചാരിയാണ് ഇരുന്നതെന്നും ഇയാൾ തന്റെ വയറിൽ പിടിച്ചതായി അനുഭവപ്പെട്ടെന്നും പെൺകുട്ടി പറഞ്ഞെന്നായി.

മജിസ്ട്രേറ്റ് വിളിച്ചു വരുത്തി ചോദിച്ചപ്പോൾ പാമ്പാടി സ്റ്റേഷനിലെ പൊലീസ് ഓഫീസറാണ് ഇങ്ങനെ പറയാൻ പഠിപ്പിച്ചതെന്ന് കുട്ടി വെളിപ്പെടുത്തി. ഇക്കാര്യം മജിസ്ട്രേട്ടിനു മുന്നിൽ കുട്ടി നൽകിയ മൊഴിയിലുണ്ട്.

പോക്സോ കേസുകളിലെ ഇത്തരം നടപടികൾ കോടതിയെയും പ്രോസിക്യൂഷനെയും അലോസരപ്പെടുത്തുന്നുണ്ട്. കുട്ടിയുടെ ആദ്യ മൊഴിയനുസരിച്ച് കേസ് നിലനിൽക്കില്ലെന്നു കണ്ട പൊലീസ് കേസ് പൊലിപ്പിച്ചതാണെന്ന് ഹൈക്കോടതി പറഞ്ഞു. ഇത്തരം കള്ളക്കേസുകളിൽ പ്രതികളാക്കപ്പെടുന്നവരാണ് യഥാർത്ഥ ഇരകളെന്നും ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടർമാരും മനസിലാക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേസ് തുടരുന്നത് കോടതി നടപടിയുടെ ദുരുപയോഗമാണെന്നു വിലയിരുത്തി സിംഗിൾബെഞ്ച് കേസും കുറ്റപത്രവും റദ്ദാക്കുകയായിരുന്നു.