കൊച്ചി: രണ്ടര പതിറ്റാണ്ടിനുശേഷം സ്‌കൂളിലെ പൂർവവിദ്യാർത്ഥി സംഗമത്തിൽ കണ്ടുമുട്ടി പ്രണയത്തിലായ കൂട്ടുകാരിക്കൊപ്പം ജീവിക്കാൻ ഭാര്യയെ കൊന്നുതള്ളിയ ഭർത്താവും കാമുകിയും അറസ്‌റ്റിലായി. സംഭവം നടന്ന് ഏതാണ്ട് മൂന്നു മാസത്തിനു ശേഷമാണ് പ്രതികളായ ചങ്ങനാശേരി ഇത്തിത്താനം കൊല്ലമറ്റം വീട്ടിൽ പ്രേംകുമാർ (40), തിരുവനന്തപുരം വെള്ളറട വാലൻവിള സുനിത ബേബി (39) എന്നിവർ തിരുവനന്തപുരത്ത് നാടകീയമായി പിടിയിലായത്.
ചേർത്തല തിരുവിഴ സ്വദേശി വിദ്യയാണ് (46) കൊല്ലപ്പെട്ടത്. തിരുവനന്തപുരത്ത് വച്ച് കൊലപ്പെടുത്തിയ വിദ്യയുടെ മൃതദേഹം തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ തള്ളുകയായിരുന്നു. അതിന് ഉപദേശിച്ച സുഹൃത്തിനെ പൊലീസ് തെരയുന്നു.
എറണാകുളം ഉദയംപേരൂർ ആമേട ക്ഷേത്രത്തിനു സമീപം തയ്യിൽ വീട്ടിൽ വാടകയ്‌ക്കാണ് പ്രേംകുമാറും വിദ്യയും താമസിച്ചിരുന്നത്.
കഴിഞ്ഞ മാർച്ചിൽ തിരുവനന്തപുരം ചെറായിക്കോണം എൽ.എം.എസ് സ്‌കൂൾ പൂർവവിദ്യാർത്ഥി സംഗമത്തിലാണ് പ്രേംകുമാർ ഹൈദരാബാദിൽ നഴ്സിംഗ് അസിസ്‌റ്റന്റായിരുന്ന സുനിതയെ വീണ്ടും കണ്ടുമുട്ടിയതും പ്രണയം പങ്കിട്ടതും. പ്രണയം വളർന്നതോടെ ഭർത്താവിനെയും മൂന്നു മക്കളെയും ഉപേക്ഷിച്ച് സുനിത പ്രേംകുമാറിനൊപ്പം കൂടി. ഇരുവരും തിരുവനന്തപുരം പേയാട് ഗ്രാന്റ് ടെക് വില്ലയിൽ വാടകയ്‌ക്ക് ഒരുമിച്ച് താമസം തുടങ്ങി. പ്രേംകുമാറിന്റെ ഈ ബന്ധം മനസിലാക്കിയതോടെ വിദ്യ കലഹം തുടങ്ങി. അതോടെ ഭാര്യയെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കി.
കഴിഞ്ഞ സെപ്‌തംബർ 20 ന് ഉച്ചയ്‌ക്ക് ഒരു മണിയോടെ വിദ്യയുമായി പ്രേംകുമാർ തിരുവനന്തപുരത്തേക്ക് തിരിച്ചു. കഴുത്തിലെ വേദനയ്‌ക്ക് ആയുർവേദ ചികിത്സ നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു യാത്ര. വില്ലയിലെ താഴത്തെ നിലയിൽ ഇരുവരും താമസിച്ചു. സുനിത മുകളിലത്തെ നിലയിലുണ്ടായിരുന്നു. അത് വിദ്യ അറിഞ്ഞിരുന്നില്ല. രാത്രി ഒരുമിച്ചിരുന്ന് ഇരുവരും മദ്യപിച്ചു. ലക്കുകെട്ട് ഉറങ്ങിയ വിദ്യയെ 21 ന് പുലർച്ചെ കഴുത്തിൽ കയറു ചുറ്റി പ്രേംകുമാർ കൊലപ്പെടുത്തി. കൊലപാതകം അറിഞ്ഞിരുന്നില്ലെങ്കിലും നഴ്സായ സുനിതയാണ് മരണം സ്ഥിരീകരിച്ചത്. 23 ന് ഇരുവരും ചേർന്ന് മൃതദേഹം കാറിൽ കയറ്റി തമിഴ്നാട്ടിലെ തിരുനെൽവേലി ഹൈവേക്ക് സമീപം തള്ളി.
തൊട്ടടുത്ത ദിവസം പ്രേംകുമാർ സുനിതയ്‌ക്കൊപ്പം ഉദയംപേരൂർ പൊലീസ് സ്‌റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്ന പരാതി നൽകി. പൊലീസിനെ വഴിതെറ്റിക്കാൻ ദൃശ്യം സിനിമ മോഡലിൽ വിദ്യയുടെ മൊബൈൽ ഫോൺ നേത്രാവതി എക്‌സ്‌പ്രസിൽ ഉപേക്ഷിച്ചിരുന്നു.
വിദഗ്ദ്ധമായ അന്വേഷണത്തിലാണ് പ്രേംകുമാറാണ് കൊലയാളിയെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലിൽ സുനിതയുടെ പങ്കും വെളിപ്പെടുത്തി. വിദ്യയുടെ നാലാമത്തെ ഭർത്താവാണ് പ്രേംകുമാറെന്ന് പറയപ്പെടുന്നു. പ്രേംകുമാറിൽ ഇവർക്ക് രണ്ട് മക്കളുണ്ട്. വിദ്യയ്ക്ക് വേറെയും മക്കളുണ്ട്.
വിദ്യയുടെ മൃതദേഹം തിരിച്ചറിയാത്തതിനാൽ തിരുനെൽവേലി പൊലീസ് പോസ്‌റ്റുമോർട്ടത്തിനുശേഷം സംസ്‌കരിച്ചിരുന്നു. പൊലീസിന്റെ പക്കലുണ്ടായിരുന്ന ഫോട്ടോയിൽ നിന്നാണ് വിദ്യയെ തിരിച്ചറിഞ്ഞത്.
കൊച്ചിൻ യാട്ടിംഗ് ക്ളബിൽ പരിശീലകനായിരുന്ന പ്രേംകുമാറിനെ സാമ്പത്തിക ക്രമക്കേടുകൾക്ക് ഈ വർഷം ആദ്യം പുറത്താക്കിയിരുന്നു. പിന്നീട് ഹോട്ടൽ മാനേജ്മെന്റ് മേഖലയിലായിരുന്നു എം.ബി.എക്കാരനായ ഇയാളുടെ പ്രവർത്തനം.
തൃക്കാക്കര അസി. കമ്മിഷണർ വിശ്വനാഥൻ, ഉദയംപേരൂർ സി.ഐ കെ.ബാലൻ, എസ്.ഐമാരായ ബാബു മാത്യു, മധുസൂദനൻ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. തൃപ്പൂണിത്തുറ ജുഡിഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. ചോദ്യം ചെയ്യാൻ ഏഴു ദിവസത്തേക്ക് കസ്‌റ്റഡിയിൽ വേണമെന്ന അപേക്ഷ പൊലീസ് ഇന്ന് സമർപ്പിക്കും.