പറവൂർ : മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രം ഗ്രൗണ്ടിൽ 20 മുതൽ 24 വരെ നടക്കുന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ പ്രചാരണത്തിന് ഇന്ന്ദേശീയ - സംസ്ഥാന വോളിബോൾ താരങ്ങളുടെ കൂട്ടയോട്ടം വൈകിട്ട് നാലിന് കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസ് ഹയർസെക്കൻഡറി സ്കൂൾ മൈതാനിയിൽ ആരംഭിക്കും. സംഘാടക സമിതി ചെയർമാൻ എൻ.കെ. വിനോബ ഫ്ലാഗ് ഓഫ് ചെയ്യും. മത്സരവേദിയായ ക്ഷേത്രം ഗ്രൗണ്ടിൽ സമാപിക്കും. തുടർന്ന് ചാമ്പ്യൻഷിപ്പിന്റെ നോട്ടിസ് മുൻ ഇന്ത്യൻ താരം ബി. അനിൽ പ്രകാശനം ചെയ്യും. പതിനാല് ജില്ലകളിൽ നിന്നുള്ള 21വയസ്സിന് താഴെയുള്ള പുരുഷ, വനിത ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ആയിരം പേർക്ക് ഇരിക്കാവുന്ന ഗാലറി തയ്യാറാക്കുന്നുണ്ട്. ദിവസവും അഞ്ച് മത്സരങ്ങൾ ഉണ്ടാകും. വൈകിട്ട് നാലിന് മത്സരങ്ങൾ ആരംഭിക്കും. മൂത്തകുന്നം, മാല്യങ്കര, കൊട്ടുവള്ളിക്കാട്, മടപ്ലാതുരുത്ത്, ഗോതുരുത്ത് എന്നിവിടങ്ങളിലെ വീടുകളിലാണ് താരങ്ങൾക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. പുരുഷന്മാരിൽ കോഴിക്കോടും വനിതകളിൽ കണ്ണൂരുമാണ് ചാമ്പ്യന്മാർ. സംസ്ഥാന, ജില്ലാ വോളിബോൾ അസോസിയേഷനുകളും മൂത്തകുന്നം വോളി ക്ലബുമാണ് ചാമ്പ്യൻഷിപ്പിന്റെ സംഘാടകർ.