പള്ളുരുത്തി: ഇടക്കൊച്ചി കുമ്പളം ഫെറിയിൽ കുടിവെള്ള ടാങ്കിന്റെ നിർമ്മാണോദ്ഘാടനം മേയർ സൗമിനി ജെയിൻ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാർ, നഗരസഭാംഗം പ്രതിഭ അൻസാരി, കർമ്മിലി ആൻറണി, വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരായ ജോച്ചൻ ജോസഫ്, ടെസി, ഷാജിമോൻ, ടി.കെ. സിജുകുമാർ, എ.കെ. സന്തോഷ് തുടങ്ങിയവർ സംബന്ധിച്ചു. കേന്ദ്ര പദ്ധതിയായ അമൃതിൽ ഉൾപ്പെടുത്തി 4 കോടി 30 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. 13 ലക്ഷം സംഭരണ ശേഷിയുള്ള ടാങ്കാണ് നിർമ്മിക്കുന്നത്. ഇത് യാഥാർത്ഥ്യമാകുന്നതോടെ ഇടക്കൊച്ചിയിലെ 13 മുതൽ 16 വരെയുള്ള ഡിവിഷനിലുള്ളവരുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.