കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിൽ (കുഫോസ്) എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഒരു വിഭാഗം ബി.എഫ്.എസ്.സി വിദ്യാർത്ഥികൾ നടത്തുന്ന സമരം ചട്ടങ്ങളും നിയമങ്ങളും പാലിച്ചുകൊണ്ട് ഒരിക്കലും നടപ്പിലാക്കാൻ കഴിയാത്ത ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണെന്ന് വൈസ് ചാൻസലർ ഡോ.എ.രാമചന്ദ്രൻ അറിയിച്ചു. കുഫോസിൽ അധ്യാപകരായി ബി.എഫ്.എസ്.സിയും എം.എഫ്.എസ്.സിയും പൂർത്തിയാക്കിയവരെ മാത്രമേ നിയമിക്കാവൂ എന്നതാണ് സമരം നടത്തുന്ന വിദ്യാർത്ഥികളുടെ പ്രധാന ആവശ്യം. യു.ജി.സി വ്യവസ്ഥകൾ അനുസരിച്ച് ഒരിക്കലും അംഗീകരിക്കാനാവാത്ത ആവശ്യമാണ് ഇത്.

പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികളിലായി 10 ഒഴിവുകളിലേക്കാണ് സർവ്വകലാശാല അധ്യാപകനിയമനത്തിനായി ഇപ്പോൾ നോട്ടിഫിക്കേഷൻ നടത്തിയിരിക്കുന്നത്. ഇതിൽ അഞ്ച് തസ്തികകൾ സർവ്വകലാശാല നടത്തുന്ന ബി.ടെക്, എം.ടെക്, എം.എസ്.സി കോഴ്‌സുകളിൽ ഫുഡ് ടെക്‌നോളജി, പോസ്റ്റ് ഹാർവെസ്റ്റ് ടെക്‌നോളജി, ഫുഡ് എൻജിനീയറിംഗ് തുടങ്ങിയ എൻജിനീയറിംഗ് വിഷയങ്ങൾ പഠിപ്പിക്കാനുള്ള അധ്യാപകരുടേത് ആണ്. യു.ജി.സി വ്യവസ്ഥകൾ പ്രകാരം പ്‌ളസ് ടു വിൽ കണക്ക് പഠിച്ചശേഷം അതത് വിഷയങ്ങളിൽ ബി.ടെക് നേടിയ ശേഷം എം.ടെക്കോ തതുല്ല്യ യോഗ്യതയോ നേടിയവർക്കേ ഈ വിഷയങ്ങൾ പഠിപ്പിക്കാനാകൂ.

നോട്ടിഫിക്കേഷൻ നടത്തിയിട്ടുള്ള മറ്റ് പോസ്റ്റുകളിൽ ഒരെണ്ണം മറൈൻ ഡൈവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസറുടേതാണ്. കുഫോസിലെ സ്‌കൂൾ ഒഫ് ഓഷൻ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിൽ വരുന്ന എം.എസ്.സി കോഴ്‌സുകൾ പഠിപ്പിക്കേണ്ട അധ്യാപക തസ്തികയാണ്. നോട്ടിഫൈ ചെയ്ത 10 തസ്തികളിൽ മൂന്നെണ്ണം മാത്രമാണ് ഓപ്പൺ കാറ്റഗറിയിലുള്ളത്. ബാക്കി ഏഴും സംവരണ വിഭാഗത്തിൽ പെട്ടതാണ്. കുഫോസ് 2010 ൽ നിലവിൽ വന്ന ശേഷം നടത്തിയ രണ്ട് നോട്ടിഫിക്കേഷനിലും മതിയായ യോഗത്യ നേടിയവരെ കിട്ടാത്തതുകൊണ്ട് പോസ്റ്റിംഗ് നടക്കാത്തതിനാൽ ഒഴിവ് നിലനിൽക്കുന്നതാണ് സംവരണ തസ്തികൾ.

2010 ൽ സർവ്വകലാശാല രൂപീകരണ സമയത്ത് അനുവദിക്കപ്പെട്ടതാണ് കുഫോസിലെ അധ്യാപക തസ്തികകൾ. വിദ്യാർത്ഥി സംഘടനകൾ നിർദ്ദേശിക്കുന്നതു പോലെ നടപ്പിലാക്കാനുള്ളതല്ല അധ്യാപക നിയമനമെന്നും ഡോ.എ.രാമചന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് ബ്‌ളൂ ഇക്കോണമി പദ്ധതികൾ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിൽ നിർണ്ണായക പങ്ക് കുഫോസിന് വഹിക്കാനുണ്ട്. അതിന് തടസ്സം സൃഷ്ടിക്കാൻ സർവ്വകലാശാലയുടെ സൽപ്പേരിന് കളങ്കം ഉണ്ടാക്കുകയെന്ന ചിലരുടെ വ്യക്തിതാൽപര്യങ്ങളാണ് വിദ്യാർത്ഥി സമരത്തിന് പിന്നിലെന്നും ഡോ.എ.രാമചന്ദ്രൻ പറഞ്ഞു.

വിദ്യാർത്ഥി സമരത്തെ തുടർന്ന് ബി.എഫ്.എ.എസി കോഴ്‌സുകൾ അനിശ്ചിത കാലത്തേക്ക് സസ്‌പെന്റ് ചെയ്തിട്ടുണ്ടെന്നും ഹോസ്റ്റലുകൾ ഒഴിയാൻ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇത് അനുസരിക്കാതെ കാമ്പസിൽ ചുറ്റിത്തിരിയുന്ന വിദ്യാർത്ഥികളെ രക്ഷിതാക്കളെത്തി കൊണ്ടുപോകണമെന്നും കുഫോസ് രജിസ്ട്രാറും വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.