കൊച്ചി: കള്ള് ഷാപ്പ് വ്യവസായത്തെ ഇല്ലാതാക്കി ആയിരക്കണക്കിന് തൊഴിലാളികളെ പട്ടിണിയിലേയ്ക്ക് തള്ളിവിടുന്ന സർക്കാർ നപടികളിൽ പ്രതിഷേധിച്ച് ജനുവരി ആദ്യവാരം സെക്രട്ടറിയേറ്റിന് മുമ്പിൽ ധർണ സംഘടിപ്പിക്കാൻ കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷൻ സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.
സർക്കാരിന് ലൈസൻസ് ഫീസ്, പെർമിറ്റ് തുടങ്ങിയവയിലൂടെ കോടിക്കണക്കിന് രൂപ നൽകുന്ന കള്ള് ഷാപ്പ് വ്യവസായത്തെ ഇല്ലതാക്കുന്ന നടപടികൾ അവസാനിപ്പിക്കണം. ഷാപ്പുകൾ നേരിടുന്ന പ്രതിസന്ധി സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തും. നിർദ്ദിഷ്ട ടോഡി ബോർഡ് നിലവിൽ വന്നാൽ കള്ള് ഷാപ്പുകൾ തകരും. അശാസ്ത്രീയമായും സംഘടനയോട് ആലോചിക്കാതെയും തീരുമാനിച്ച കൂലി വർദ്ധനവ് ഷാപ്പുകൾക്ക് താങ്ങാൻ കഴിയില്ല. ചിറ്റൂർ, കൊല്ലംകോട് മേഖലകളിൽ കള്ളുല്പാദനം കുറഞ്ഞതിനാൽ പാലക്കാട്ടെ അട്ടപ്പാടി മേഖലയിലും കണ്ണൂരിലെ ആറളം ഫാമിലും കള്ള് ചെത്താൻ അനുമതി നൽകണം. വീര്യം കുറഞ്ഞ കള്ള് വിൽക്കുന്ന ഷാപ്പുകളുടെ ദൂരപരിധി 200 മീറ്ററായി കുറയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് എ.ബി. ഉണ്ണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി അജിത് ബാബു, വൈസ് പ്രസിഡന്റുമാരായ എ.ബി. പ്രസാദ്, കെ.കെ. ഭഗീരഥൻ, ജോയിന്റ് സെക്രട്ടറിമാരായ പി.എസ്. ജയരാജ്, എം.പി. ഷാജി, മോഹൻദാസ്, വത്സപ്പൻ എന്നിവർ പ്രസംഗിച്ചു.