ആലുവ: ആലുവ - മൂന്നാർ സ്വകാര്യറോഡും ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡും നാലുവരിപ്പാതയാക്കുന്ന പദ്ധതിയെപ്പറ്റിയുള്ള വിവരങ്ങളൊന്നും സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ പക്കൽ ലഭ്യമല്ലെന്ന് വിവരാവകാശ രേഖ. ഇത് സംബന്ധിച്ച് വിവരാവകാശ പ്രവർത്തകൻ പ്രവർത്തകൻ ഖാലിദ് മുണ്ടപ്പിള്ളിക്കാണ് രേഖാമൂലം മറുപടി ലഭിച്ചത്.

റോഡുകൾ നാലുവരിപ്പാതയാക്കുന്നതിനുള്ള പദ്ധതി പ്രകാരം പൊതുമരാമത്ത് വകുപ്പ് എന്തെങ്കിലും ഉത്തരവുകളോ തീരുമാനങ്ങളോ നടപടികളോ എടുത്തിട്ടുണ്ടോ, റോഡ് വികസനത്തിന് ഭങ്ങമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി സർവേ നടത്താൻ തീരുമാനിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ ഡ്രോൺ സർവേ ആലുവയിൽ നിന്ന് ആരംഭിച്ചിട്ടുണ്ടോ, അതിന് കിഫ്ബിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടോ, കിഫ്ബിയുടെ സർവേ നടത്തുന്ന ഉദ്യോഗസ്ഥർ ആരൊക്കെയാണ്, ആലുവ - മൂന്നാർ നാലുവരിപ്പാതയോടൊപ്പം ആലുവ നഗരത്തിലെ ഏതെല്ലാം റോഡുകളും കവലകളുമാണ് വികസിപ്പിക്കുന്നത്, നാലുവരിപ്പാതകൾ ആലുവയിൽ എവിടെ നിന്നാണ് ആരംഭിക്കുന്നത്, ആലുവ നഗരത്തെ രണ്ടായി വേർതിരിക്കുന്ന തെക്കും വടക്കുമുള്ള രണ്ട് റയിൽവേ മേൽപ്പാലങ്ങൾ വീതികൂട്ടുമോ എന്നീ ചോദ്യങ്ങൾക്കാണ് പൊതുമരാമത്ത് വകുപ്പ് അണ്ടർ സെക്രട്ടറിയുടെ പക്കൽ വിവരങ്ങൾ ലഭ്യമല്ലെന്ന മറുപടി ലഭിച്ചിരിക്കുന്നത്.