കോലഞ്ചേരി: ഒ​റ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്​റ്റിക്കിനു നിരോധനം വരികയാണ്, ജനുവരി ഒന്നു മുതൽ. മുൻപും പല തവണ നിരോധിച്ചതാണ്. എന്നിട്ടും ഉപയോഗത്തിനു കുറവൊന്നുമില്ല.ഇനി വരുന്ന നിരോധനം വളരെ 'കർശനമായിരിക്കും' എന്നാണ് അധികൃതർ പറയുന്നത്. മുൻപും കർശനമായിരുന്നു. വലിയ ഫലമുണ്ടായില്ലെന്നു മാത്രം. പുതിയ വർഷത്തിലെങ്കിലും നിരോധനം ശരിക്കും നിരോധനമാകുമോ?. നിരോധനം നടപ്പാക്കേണ്ട തദ്ദേശ ഭരണ സ്ഥാപനങ്ങൾ നിരോധനത്തിനു മുന്നോടിയായി എടുത്ത നടപടികളിലേയ്ക്ക് ഒരെത്തി നോട്ടം. ഹരിത കർമ്മ സേന രൂപീകരിച്ച് ഇപ്പോൾ തന്നെ പ്ളാസ്റ്റിക് ശേഖരണം നടന്നു വരുന്നു. വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് വിവിധ അളവുകളിലുള്ള തുണി സഞ്ചി തയ്യാറാക്കി വീടുകളിൽ നല്കാനുള്ള പദ്ധതിയുമുണ്ട്

പ്ലാസ്​റ്റിക് നിരോധന കർശനമായി നടപ്പാക്കാനുള്ള ചുമതല കലക്ടർ, സബ് ഡിവിഷണൽ മജിസ്‌ട്രേട്ട്, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ എന്നിവർക്കാണ്.

പിഴ

ആദ്യതവണ 10,000 രൂപ

രണ്ടാം തവണ 25,000 രൂപ

വീണ്ടും ലംഘിച്ചാൽ 50,000 രൂപ


പാഴ്‌സൽ വില്ലൻ


നിരോധനമൊക്കെയുണ്ടെങ്കിലും ഏ​റ്റവും അപകടകരമായ പ്ലാസ്​റ്റിക് ഉപയോഗത്തിന് ഇപ്പോഴും തടസ്സമില്ല. മിക്ക കടകളിലും ഭക്ഷണ സാധനങ്ങൾ പാർസലാക്കുന്നതു ദോഷകരമായ പ്ലാസ്​റ്റിക്കിലാണ്. ചൂടേറിയ വിഭവങ്ങൾ അതേപടി പ്ലാസ്​റ്റിക് കവറിലാക്കുന്നതു പതിവാണ്. ചുരുക്കം ഹോട്ടലുകൾ മാത്രമാണ് അലുമിനിയം ഫോയിലും മ​റ്റും ഉപയോഗിക്കുന്നത്.

അഡ്വ കെ.സി പൗലോസ്, തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ്

തുണി സഞ്ചി ഉപയോഗിക്കാം

പ്ളാസ്റ്റിക് കിറ്റുകൾ നിരോധനം നടപ്പാക്കുമ്പോൾ പകരം ഉപയോഗത്തിന് തുണി സഞ്ചികളുടെ നിർമ്മാണം തുടങ്ങി. തിരുവാണിയൂർ, വെട്ടിക്കൽ യൂണിറ്റുകൾക്കാണ് നിർമ്മാണ ചുമതല. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ ബോധവത്കരണം നടക്കുന്നു.

പി.കെ വേലായുധൻ,പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ്

തുണിയുടെയും സഞ്ചി സൗജന്യമായി നല്കും

മാസത്തിൽ ഒരു ദിവസം വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും റീസൈക്കിൾ ചെയ്യാവുന്ന വെയ്സ്റ്റ് പ്ളാസ്റ്റിക് ശേഖരിക്കുന്നുണ്ട്. ഇത് പൊടിക്കുന്ന യൂണിറ്റുകൾക്കാണ് കൈമാറുന്നത്. മുഴുവൻ വീടുകൾക്കും ജൂട്ടിന്റെയും, തുണിയുടെയും സഞ്ചി സൗജന്യമായി നല്കും. കുടുംബ ശ്രീ യൂണിറ്റുകൾ വഴി തുണി സഞ്ചി നിർമ്മിച്ച് വില കുറച്ച് വ്യാപാര സ്ഥാപനങ്ങൾക്ക് നല്കും. 18 മുതൽ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്ളാസ്റ്റിക് വിമുക്ത ലക്ഷ്യത്തിനായി കാമ്പയിനുകൾ സംഘടിപ്പിക്കും.

കെ.കെ രാജു, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ്

റീസൈക്കിൾ ചെയ്യാവുന്ന പ്ളാസ്റ്റിക് ശേഖരിക്കുന്നുണ്ട്

മാസത്തിൽ ഒരു ദിവസം വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും റീസൈക്കിൾ ചെയ്യാവുന്ന വെയ്സ്റ്റ് പ്ളാസ്റ്റിക് ശേഖരിക്കുന്നുണ്ട്. കർമ്മ സേന രൂപീകരിച്ച് വാർഡുകൾ തോറും പ്ളാസ്റ്റിക് ശേഖരണം തുടരും. വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്ളാസ്റ്റിക്കിനെതിരെ കാമ്പയിനുകൾ നടത്തും.

ഷിജി അജയൻ, പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ്

വ്യാപാരികൾക്ക് സബ്സിഡി നിരക്കിൽ വിതരണം ചെയ്യും

മീമ്പാറയിലുള്ള കുടുംബ ശ്രീ യൂണിറ്റിൽ തുണി സഞ്ചി നിർമ്മാണം തുടങ്ങി. വ്യാപാരികൾക്കും വീടുകൾക്കും സബ്സിഡി നിരക്കിൽ വിതരണം ചെയ്യും. റീ സൈക്കിൾഡ് പ്ളാസ്റ്റിക് പൊടിച്ച് വീണ്ടും ഉപയോഗത്തിന് നല്കുന്ന യൂണിറ്റുണ്ട്. കാമ്പയിനുകൾ സംഘടിപ്പിക്കും.

അമ്മുക്കുട്ടി സുദർശനൻ, മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ്

കാമ്പയിനുകൾ സംഘടിപ്പിക്കും

പ്ളാസ്റ്റിക്കിനെതിരെയുള്ള കാമ്പയിനുകൾ സംഘടിപ്പിക്കും.ആളുകളിൽ ഉപയോഗിക്കാതിരിക്കുനുള്ള അവബോധം ഉണ്ടാക്കിയെടുക്കും.

കെ.കെ പ്രഭാകരൻ, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ്