കൊച്ചി: മരട് ഫ്ലാറ്റുകളുടെ സമീപവാസികളെ നഗരസഭയിൽ യോഗത്തിനു വിളിപ്പിച്ചതിന് ശേഷം വീടുകളിൽ ആളുകളില്ലാത്ത സമയത്ത് സർവേയ്ക്ക് എത്തിയതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു.
തുടർന്ന് സബ് കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് വിളിച്ചു ചേർത്ത യോഗത്തിൽ സർവ്വേ ബുധനാഴ്ച പുനരാരംഭിക്കാൻ തീരുമാനിച്ചു. ഫ്ലാറ്റ് പൊളിക്കുമ്പോഴുണ്ടാകുന്ന അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ടെൻഡർ നടപടികൾക്ക് ബുധനാഴ്ച ചേരുന്ന കൗൺസിൽ യോഗം അനുമതി നൽകും. കരാർ അംഗീകാരം നൽകുന്നതിനു മുൻപേ അവശിഷ്ടങ്ങൾ നീക്കിത്തുടങ്ങിയത് വിവാദമായ സാഹചര്യത്തിൽ കൗൺസിൽ യോഗത്തിലും ഇതു പ്രതിഫലിക്കും.
ചൊവ്വാഴ്ച രാവിലെ സാങ്കേതിക സമിതിയിലെ സ്ട്രക്ച്ചറൽ എൻജിനീയർ അനിൽ ജോസഫ്, മുനിസിപ്പൽ എൻജിനീയർ ജി സുഭാഷ്, പൊളിക്കൽ കരാറുകാർ, ഇൻഷ്വറൻസ് ഏജൻസി പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലാണ് ഒരു സംഘം പ്രതിനിധികൾ സർവേ നടത്താനായി വീടുകളിൽ എത്തിയത്.
ഫ്ലാറ്റ് പൊളിക്കുമ്പോൾ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ നിലവിലെ മാർക്കറ്റ് നിരക്ക് അനുസരിച്ച് ഇൻഷ്വറൻസ് തുക ഉറപ്പുവരുത്തുമെന്ന് സബ് കളക്ടർ ഉറപ്പ് നൽകി. പരിസരവാസികളെ തേഡ് പാർട്ടി ആയി മാത്രമേ പരിഗണിക്കാനാകൂ എന്നാണ് ഇൻഷ്വറൻസ് കമ്പനികളുടെ നിലപാട്.