കൊച്ചി : കൈവെട്ടു കേസിലെയും വളപട്ടണം ഐസിസ് റിക്രൂട്ട്മെന്റ് കേസിലെയും പ്രതികൾക്ക് സാക്ഷി മൊഴികളുടെ പകർപ്പുകൾ നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഇരു കേസിലേയും സംരക്ഷിത സാക്ഷികളെ (വ്യക്തി വിവരങ്ങൾ രഹസ്യമാക്കിയ സാക്ഷികൾ ) തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ മറച്ചു വച്ചു മൊഴി പകർപ്പുകൾ നൽകണമെന്നും ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശത്തിൽ പറയുന്നു. വിവാദ ചോദ്യ പേപ്പർ തയ്യാറാക്കിയ തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിൽ എൻ.ഐ.ഐ കോടതി വിധി പറഞ്ഞിരുന്നെങ്കിലും പിന്നീടു പിടിയിലായ പ്രതികളുടെ വിചാരണ നടപടികളാണ് ഇപ്പോൾ നടക്കുന്നത്. സാക്ഷിമൊഴിയുടെ പകർപ്പ് വേണമെന്ന ഈ പ്രതികളുടെ ആവശ്യം കോടതി നിരസിച്ചിരുന്നു. ഇതിനെതിരെ പ്രതികൾ നൽകിയ ഹർജിയും വളപട്ടണം ഐസിസ് റിക്രൂട്ട്മെന്റ് കേസിലെ പ്രതികൾക്ക് സാക്ഷി മൊഴിയുടെ പകർപ്പ് നൽകാൻ വിചാരണക്കോടതി ഉത്തരവിട്ടതിനെതിരെ എൻ.ഐ.എ നൽകിയ ഹർജിയുമാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. കൈവെട്ടു കേസിൽ പത്ത് സംരക്ഷിത സാക്ഷികളും വളപട്ടണം കേസിൽ 12 സംരക്ഷിത സാക്ഷികളുമാണുള്ളത്. ഇവരുടെ വിവരങ്ങൾ മറച്ചു വെക്കുന്നതിനൊപ്പം മറ്റു സാക്ഷികളുടെ രഹസ്യ മൊഴിയുടെ പകർപ്പും നൽകേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കൈവെട്ടു കേസിലെ അന്തിമ റിപ്പോർട്ടിന്റെയും പിന്നീടു നൽകിയ രണ്ട് അനുബന്ധ കുറ്റപത്രങ്ങളുടെയും പകർപ്പുകൾ പ്രതികൾക്ക് നൽകണം. പ്രതികൾക്കു നൽകാനുള്ള പകർപ്പുകൾ എൻ.ഐ.എ രണ്ടാഴ്ചയ്ക്കുള്ളിൽ തയ്യാറാക്കി വിചാരണക്കോടതിയിൽ നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി. രാജ്യാന്തര തീവ്രവാദ സംഘടനയായ ഐസിസിനു വേണ്ടി യുവാക്കളെ റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട് വളപട്ടണം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മിഥിലജ്,. അബ്ദുൾ റസാഖ്, ഹംസ എന്നീ പ്രതികളും കൈവെട്ടു കേസിൽ ടി.പി. സുബൈർ, അയൂബ്, നൗഷാദ് എന്നിവരുമാണ് വിചാരണ നേരിടുന്നത്.