കിഴക്കമ്പലം: സ്കൂൾ പരിസരത്ത് കശാപ്പ് ശാലയും, പരസ്യമായി മാംസ വില്പനയും. പരാതി നല്കിയെങ്കിലും നടപടിയില്ല. കിഴക്കമ്പലം പഞ്ചായത്തതിർത്തിയിലെ പൂക്കാട്ടുപടിക്ക് സമീപം പ്രവർത്തിക്കുന്ന ഡെ കെയർ സ്ഥാപനത്തിന് മുന്നിലുള്ള അറവുശാലയിൽ ഇത്തരത്തിൽ വില്പന നടക്കുന്നതായി പഞ്ചായത്തധികൃതർക്കടക്കം പരാതി നല്കിയെങ്കിലും നടപടി കടലാസിൽ ഒതുങ്ങി. ഡെ കെയറിലെ കൊച്ചു കുട്ടികൾക്ക് ഭീതി പരത്തും വിധമാണ് മാംസം തൂക്കിയിട്ട് വില്പന നടത്തുന്നത്.

നാൽക്കാലികളെ കശാപ്പ് ചെയ്ത് പ്രദർശിപ്പിക്കരുതെന്ന നിയമം കർക്കശമാണെങ്കിലും ഇത് ഒരിടത്തും പോലും പാലിക്കപ്പെടുന്നില്ല. അറവ് ശാലകൾക്കു മുന്നിൽ മാംസങ്ങൾ തൂക്കിയിട്ടിരിക്കുന്നതിന് മറയൊരുക്കണമെന്നതാണ് നിയമം. എന്നാൽ അറുത്തെടുത്ത മാംസങ്ങൾ ഒരു മറയുമില്ലാതെ പ്രദർശിപ്പിക്കുകയാണ്. തൂക്കിയിട്ടിരിക്കുന്ന മാംസങ്ങളിൽ പൊടി പിടിച്ച് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയാനാണ് മാംസം മറച്ച് വച്ച് വില്പനയ്ക്ക് നിഷ്ക്കർഷിക്കുന്നത്.

കിഴക്കമ്പലം,കുന്നത്തുനാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നിരവധി അറവുശാലകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഒരിടത്തുപോലും മറയൊരുക്കിയിട്ടില്ല. പഴങ്ങനാട് ഷാപ്പുംപടിക്കു സമീപം പന്നി മാസം വില്ക്കുന്ന ഇറച്ചികടയിലെയും സ്ഥിതി വ്യത്യസ്തമല്ല.

മാംസത്തിനായി ഉപയോഗിക്കുന്നത് രോഗം ബാധിച്ചവയെ

ഇറച്ചി കടകളിൽ വിൽക്കുന്ന മാംസങ്ങൾ മൃഗ ഡോക്ടറുടെ സാന്നിധ്യത്തിൽ പരിശോധിച്ച് രോഗമില്ലെന്ന് ബോധ്യപ്പെട്ടതിനുശേഷം മാത്രമെ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് എന്നതാണ് നിയമമെങ്കിലും ഒരിടത്തുപോലും ഇതു പാലിക്കപ്പെടുന്നില്ല. നിത്യവും ഡോക്ടറെ വരുത്തി പരിശോധന പ്രായോഗികമല്ലെന്നാണ് വില്പനക്കാരുടെ വാദം.

ഫാമുകളിൽ രോഗം ബാധിച്ചും മ​റ്റും ചത്തുവീഴുന്നവയെവയെ മാംസത്തിനായി ഉപയോഗിക്കുന്നതായുള്ള ആരോപണവും ശക്തമാണ്.

കണ്ണടച്ച് അധികൃതർ

ബന്ധപ്പെട്ട പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതർ പലതവണ പരാതി ലഭിച്ചിട്ടും പരിശോധനയോ അന്വേഷണമോ നടത്തുന്നില്ല. ഇതിനിടെ ഈ അറവുശാലകൾക്കൊന്നും പഞ്ചായത്ത് ലൈസൻസ് വേണമെന്ന നിയമവും അധികൃതർ നടപ്പാക്കുന്നില്ല. ഇവയ്ക്ക് ലൈസന്‍സ് ഇല്ലെന്ന വിവരം തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികൾക്കും അറിയാം. എന്നാൽ നടപടിയെടുക്കുവാൻ ഇവർ തയ്യാറാകുന്നുമില്ല.