കാലടി: ഗ്രാമ പഞ്ചായത്ത് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ആയുർവേദ ആശുപത്രി മാണിക്കമംഗലത്ത് തന്നെ നിർമ്മിക്കണമെന്ന ആവശ്യം ശക്തമായി. ഇതിനുള്ള മൂന്നുസെന്റ് ഭൂമി മാണിക്കമംഗലത്ത് അനുയോജ്യമായ സ്ഥലത്ത് വാങ്ങി നൽകുമെന്ന് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കാലടി ഡിവിഷൻ വികസന സമിതി ചെയർമാൻ ടി.പി. ജോർജ് അറിയിച്ചു. ഇതല്ലെങ്കിൽ പഞ്ചായത്തിലെ റവന്യൂ പുറമ്പോക്ക് ഭൂമിയോ നൽകണമെന്ന് സമിതി ആവശ്യപ്പെട്ടു.

മഞ്ഞപ്ര, തുറവൂർ, അയ്യമ്പുഴ, മലയാറ്റൂർ, കാലടി പ്രദേശങ്ങളിലെ വയോധികർക്കും രോഗികൾക്കും ഏക ആശ്രയമായ മാണിക്കമംഗലത്തെ ആയുർവേദ ഡിസ്പെൻസറി കാലടി ബസ് സ്റ്റാൻഡിലേക്ക് മാറ്റി സ്ഥാപിക്കുവാനുള്ള പഞ്ചായത്തിന്റെ പിടിവാശി ഒഴിവാക്കണം. മാണിക്കമംഗലത്ത് ആറാം വാർഡിലെ 37 സെന്റ് സർക്കാർ ഭൂമി നിലവിലുള്ളപ്പോൾ മൂത്രപ്പുരയോട് ചേർന്ന് ആശുപത്രി നിർമ്മിക്കുന്നത് എന്തിന് വേണ്ടിയാണെന്ന് സമിിതി അംഗങ്ങൾ ചോദിച്ചു. ഈ ജനകീയ ആവശ്യത്തിന് എം.പിയും എം.എൽ.എയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സമിതി കൺവീനർ പി.ആർ. മാണിക്കമംഗലം, വൈസ്.ചെയർമാൻ രാജപ്പൻ നായർ എന്നിവർ പങ്കെടുത്തു.