മൂവാറ്റുപുഴ: വയോമിത്രം പദ്ധതി നടപ്പാക്കുന്നതിലൂടെ നാടിന്റെ അഭിമാനമാണ് ഉയരുന്നതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മൂവാറ്റുപുഴ നഗരസഭയുടെ വയോമിത്രം പദ്ധതിയുടെ മൂന്നാമത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വയോജനങ്ങൾക്കായി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണ്. വയോജനങ്ങളുടെ സഹായവും സംരക്ഷണവും സാധ്യമാമാകുന്നപദ്ധതിയായ വയോമിത്രം പദ്ധതി കേരളത്തിലാകെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ സ്വാഗതം പറഞ്ഞു. 2019-20ലെ പദ്ധതി പ്രഖ്യാപനം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ.സഹീർ നിർവഹിച്ചു. അവാർഡ് ദാനം നഗരസഭ വൈസ്‌ചെയർമാൻ പി.കെ.ബാബുരാജും, സമ്മാനദാനം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഉമാമത്ത് സലീമും, പി.എം.എ.വൈ.പദ്ധതി അംഗീകാര സമർപ്പണം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എം.സീതിയും നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ രാജി ദിലീപ്, പ്രമീള ഗിരീഷ് കുമാർ, കൗൺസിലർമാരായ മേരി ജോർജ് തോട്ടം, കെ.എ.അബ്ദുൽസലാം, സി.എം.ഷുക്കൂർ, പി.വൈ.നൂറുദ്ദീൻ, വിവിധ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. 65 വയസ് കഴിഞ്ഞവർക്ക് 2017 മുതൽ നഗരസഭ പരിധിയിലെ 20 കേന്ദ്രങ്ങളിൽ പ്രതിമാസം 1200 പേർക്ക് സൗജന്യ ചികിത്സയും മരുന്നും നൽകുന്നതാണ് വയോമിത്രം പദ്ധതി. മൂന്ന് വർഷം കൊണ്ട് 1407 ക്യാമ്പും അരലക്ഷത്തോളം പേർക്ക് ചികിത്സയും, മരുന്നും നൽകുന്ന മാതൃക പദ്ധതിയാണിത്. സംസ്ഥാന ഗവൺമെന്റും, നഗരസഭയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയ്ക്ക് 90ലക്ഷം രൂപയാണ് ചിലവ്. 65 വയസ് കഴിഞ്ഞവർക്കായി നടപ്പിലാക്കിയ പദ്ധതി ജില്ലയിൽ മാതൃകപരമായിട്ടാണ് മൂവാറ്റുപുഴ നഗരസഭയിൽ നടന്ന് വരുന്നത്. നിത്യ രോഗത്താൽ ചികിത്സയും മരുന്നും കിട്ടാത്തവർക്കായി വീടുകളുടെ അടുത്ത് ചികിത്സ നൽകുന്ന ഈ പദ്ധതി എൽ ഡി എപ് സർക്കാർ നടപ്പിലാക്കിയതാണ്. 20ലക്ഷം രൂപ സംസ്ഥാന സർക്കാരും 10 ലക്ഷം രൂപ നഗരസഭയും പദ്ധതിക്കായി വിനിയോഗിക്കുന്നു. സാമൂഹ്യ സുരക്ഷാ മിഷനും നഗരസഭയും ചേർന്നാണ് വയോമിത്രം പദ്ധതി നടപ്പിലാക്കുന്നത്.