കൊച്ചി: പ്രളയശേഷം എലിപ്പനി പിടിപെടാതിരിക്കാൻ ഡോക്സിസൈക്ളിൻ ഗുളിക, വിളർച്ചയ്ക്ക് അയൺ ഗുളിക, വിദ്യാർത്ഥികൾക്ക് വിരഗുളിക. അംഗൻവാടികൾ, ആശാവർക്കർമാർ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ വഴി ആരോഗ്യസംരക്ഷണത്തിന് ഇത്തരം ഒൗഷധങ്ങൾ വിതരണം ചെയ്യുന്നത് ആപത്കരമെന്ന് ഫാർമസിസ്റ്റുകൾ.

വിറ്റാമിൻ ഗുളികയാണെന്ന് പറഞ്ഞ് ആശാവർക്കർ നൽകിയ ഗുളിക വാങ്ങിക്കഴിച്ച കൊല്ലം ജില്ലയിലെ പട്ടാഴി സ്വദേശിയായ വീട്ടമ്മ അസ്വസ്ഥതകളുമായി ആശുപത്രിയിലെത്തിയപ്പോഴാണ് ഇത്രയും കാലം കഴിച്ചത് ഇസ്നോഫീലിയയ്ക്കുള്ള മരുന്നാണെന്ന് അറിയുന്നത്. ഡോക്സിസൈക്ളിൻ കഴിക്കുമ്പോൾ മുട്ടയും പാലും ഒഴിവാക്കണമെന്ന് ആരും പറഞ്ഞുതരില്ല. ഉറങ്ങുന്നതിന് മുമ്പ് കഴിക്കേണ്ട വിരഗുളികയാണ് പകൽനേരത്ത് നൽകുന്നത്. ഒൗഷധമേഖലയെ കുറിച്ച് അറിവില്ലാത്തവർ മരുന്നുകൾ നൽകിയാൽ ഇത്തരത്തിൽ പല അപകടങ്ങളും സംഭവിക്കുമെന്ന് ഫാർമസിസ്റ്റുകളുടെമുന്നറിയിപ്പ്.

# മരുന്ന് ദുരുപയോഗം കൂടും

ആയിരക്കണക്കിന്ന് ഒൗഷധങ്ങളും അവ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ രജിസ്‌റ്റേഡ് ഫാർമസിസ്റ്റുകളും ഉള്ളപ്പോൾ യോഗ്യതയും പരിശീലനവും ഇല്ലാത്തവരെ മരുന്ന് മേഖല കൈകാര്യം ചെയ്യാൻ അനുവദിക്കുന്നതിൽ കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ പ്രതിഷേധിച്ചു.

മരുന്നുകൾ ഫാർമസിസ്റ്റുമാരിലൂടെ മാത്രമേ കൈകാര്യം ചെയ്യാൻ പാടുള്ളുവെന്ന് 1948 ലെ ഫാർമസി നിയമവും 2015 ലെ ഫാർമസി പ്രാക്ടീസ് റഗുലേഷനും നിഷ്‌കർഷിക്കുന്നു. ഇല്ലാത്തപക്ഷം ആറു മാസം വരെ തടവും പിഴയുമാണ് ശിക്ഷ.

സർക്കാർ, സ്വകാര്യ മേഖലയിലെ 5200 കോളേജുകളിൽ നിന്നായി 3,14,000 ഫാർമസിസ്റ്റുകൾ പ്രതിവർഷം കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങുന്നുണ്ട്. സർക്കാർ തീരുമാനം നടപ്പായാൽ നിരവധി പേർ തൊഴിൽരഹിതരാകും.

# നിർദേശങ്ങൾ സമർപ്പിക്കാം

1945 ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക് നിയമമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഭേദഗതി ചെയ്യുന്നത്. കരട് വിജ്ഞാപനം 6 ന് പ്രസിദ്ധീകരിച്ചു. നിർദേശങ്ങൾ സമർപ്പിക്കാൻ 45 ദിവസത്തെ സമയം.

# ഫാർമസിസ്റ്റുകൾ പ്രതിഷേധിച്ചു

ഡ്രഗ്സ് ആൻഡ് കോസ്‌മെറ്റിക് നിയമത്തിൽ ഭേദഗതി വരുത്താനുള്ള കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനത്തിൽ പ്രതിഷേധിച്ച് കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷന്റെ (കെ.പി.പി.എ) ആഭിമുഖ്യത്തിൽ ബി.എസ്.എൻ.എൽ ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി. ദേശീയ ഫാർമസി കൗൺസിൽ അംഗം കെ.ആർ. ദിനേശ് കുമാർ ഉദ്ഘാടനം ചെയ്തു. പി.കെ റെജി സ്വാഗതം പറഞ്ഞു. സണ്ണി പി. ഡേവിസ് അദ്ധ്യക്ഷനായിരുന്നു. അഡ്വ. എൻ.പി. അമ്മു, അർച്ചന രാജേഷ്, ജിതിൻ കെ. മാത്യു, ഷിജി ജേക്കബ്, മായാദേവി എം., സുനിൽകുമാർ കെ.ജി. എന്നിവർ സംസാരിച്ചു.

ഒരുവർഷം പുറത്തിറങ്ങുന്നത് 3.14ലക്ഷം


ഫാർമസിസ്റ്റുകൾ