കൊച്ചി: ജില്ലയിലെ ക്രിസ്‌മസ്, പുതുവത്സര ആഘോഷങ്ങളിൽ ഇക്കുറി പൊലീസിന്റെയും രഹസ്യാന്വേഷണ ഏജൻസികളുടെയും മാത്രമല്ല, ചാരക്കണ്ണുകളുണ്ടാകുക. വിദേശികളെ പങ്കെടുപ്പിക്കുന്ന സ്ഥലങ്ങളിൽ കേന്ദ്ര എമിഗ്രേഷൻ വിഭാഗവും നിരീക്ഷണം നടത്തും. വിസ ചട്ടം ലംഘിച്ച് വിദേശികളെത്തിയാൽ സംഘാടകർ മാത്രമല്ല, പരിപാടി നടത്തുന്ന വേദിയുടെ ഉടമകളും കുടുങ്ങും.
കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലെ ബ്യൂറോ ഒഫ് എമിഗ്രേഷൻ ഹോട്ടലുകൾ, കൺവെൻഷൻ സെന്ററുകൾ എന്നിവയ്ക്ക് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ആഘോഷങ്ങളിൽ കലാപാരിപാടികൾ അവതരിപ്പിക്കാൻ ചട്ടം ലംഘിച്ച് ആരെങ്കിലും വന്നാൽ കുറ്റകൃത്യമായി പരിഗണിച്ച് നടപടിയെടുക്കാനാണ് എമിഗ്രേഷൻ വിഭാഗത്തിന്റെ തീരുമാനം.
# ചട്ടലംഘനം ഇങ്ങനെ
ക്രിസ്‌മസ്, പുതുവത്സര ആഘോഷ പരിപാടികളിൽ പാടാനും ആടാനും മറ്റും വിദേശ കലാകാരന്മാർ വരാറുണ്ട്. ഇത്തരക്കാർ എംപ്ളോയ്‌മെന്റ് വിസയിൽ വരണമെന്നാണ് ചട്ടം. ഇത് ലംഘിച്ച് ടൂറിസ്റ്റ് വിസയിൽ വരുന്നവർ പരിപാടികളിൽ മുൻവർഷങ്ങളിൽ പങ്കെടുത്തത് കണ്ടെത്തിയിരുന്നു.
# മുന്നറിയിപ്പ് ഇങ്ങനെ
എംപ്ളോയ്‌മെന്റ് വിസയിൽ വരുന്നവരെ കലാപരിപാടികളിൽ പ്രകടനത്തിന് അനുവദിക്കരുത്
ചട്ടം ലംഘിച്ചാൽ പിടികൂടി വിസ ലംഘനത്തിന് പ്രോസിക്യൂട്ട് ചെയ്ത് നാടുകടത്തും
ചട്ടലംഘനത്തിന് പരിപാടികളുടെ സംഘാടകരുടെ പേരിൽ നടപടിയെടുക്കും
ആഘോഷങ്ങൾ നടക്കുന്ന വേദികളായ ഹോട്ടലുകൾ, കൺവെൻഷൻ സെന്ററുകൾ തുടങ്ങിയവയുടെ ഉടമകളും മാനേജ്മെന്റും ചട്ടലംഘനം നടത്തിയതിന് ഉത്തരവാദികളാകും
ശരിയായ വിസയില്ലാത്തവർ പരിപാടികളിൽ പങ്കെടുക്കുന്നില്ലെന്ന് വേദി നൽകുന്നവർ ഉറപ്പാക്കണം
ചട്ടങ്ങൾ ലംഘിച്ചാൽ 1946 ലെ ഫോറിനേഴ്സ് ആക്ടിലെ സെക്ഷൻ 14 പ്രകാരം നടപടി സ്വീകരിക്കും
#മുൻകൂട്ടി അറിയിക്കണം
ക്രിസ്‌മസ്, പുതുവത്സര ആഘോഷങ്ങൾ, പങ്കെടുക്കുന്നവർ എന്നിവ സംബന്ധിച്ച് എമിഗ്രഷൻ ഓഫീസിനെ മുൻകൂട്ടി അറിയിക്കണം. പരിപാടികളുടെ സംഘാടകരുടെയും പങ്കെടുക്കുന്ന വിദേശികളുടെയും വിശദവിവരങ്ങളും രേഖാമൂലം നൽകണം.
# ആഘോഷങ്ങൾ നിരവധി
ക്രിസ്‌മസും പുതുവത്സരവും ആഘോഷിക്കുന്ന നിരവധി പരിപാടികളാണ് ജില്ലയിൽ അരങ്ങേറുന്നത്. ബഹുഭൂരിപക്ഷവും കൊച്ചി നഗരത്തിലും പരിസരങ്ങളിലുമാണ്. കരയിൽ മാത്രമല്ല, കായലിലും കടലിലും വരെ ആഘോഷങ്ങൾ നീളും.
ത്രസിപ്പിക്കുന്ന സംഗീതമാണ് ആഘോഷങ്ങളുടെ പ്രത്യേകത. പാശ്ചാത്യസംഗീതവും ഉപകരണസംഗീതവും പരിപാടികൾക്ക് കൊഴുപ്പ് നൽകും. ഇവയിൽ വിദേശികളായ കലാകാരന്മാർ പങ്കെടുക്കുന്നത് പതിവാണ്. മദ്യവും മയക്കുമരുന്നും ആഘോഷങ്ങളിൽ ഉപയോഗിക്കുന്നത് പിടികൂടാൻ പൊലീസും എക്സൈസും നിരീക്ഷണം നടത്തിയിരുന്നു. ഇവർക്ക് പുറമെയാണ് എമിഗ്രേഷൻ വിഭാഗം രംഗത്തിറങ്ങുന്നത്.