കൊച്ചി : സമുദ്രശാസ്ത്രസാങ്കേതിക രംഗത്തു പ്രവർത്തിക്കുന്ന ഗവേഷകരുടെയും സാങ്കേതികവിദഗ്ദ്ധരുടെയും കൂട്ടായ്മയായ ഓഷ്യൻ സൊസൈറ്റി ഒഫ് ഇന്ത്യയുടെ ആറാമത് സമ്മേളനം (ഓസികോൺ 2019) ഇന്ന് കൊച്ചിയിൽ ആരംഭിക്കും. പുതുവൈപ്പിനിലെ സെന്റർ ഫോർ മറൈൻ ലിവിംഗ് റിസോഴ്‌സ് ആൻഡ് എക്കോളജിയിൽ (സി.എം.എൽ.ആർ.ഇ) ഇന്നു രാവിലെ 10 ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. എം. രാജീവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.എം.എൽ.ആർ.ഇ ഡയറക്ടർ ഡോ. എം. സുധാകർ അദ്ധ്യക്ഷത വഹിക്കും.

'ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രതിഭാസങ്ങളും ജൈവ അജൈവ വിഭവങ്ങളും അവയ്ക്കു നീലസാമ്പത്തിക വ്യവസ്ഥയിലുള്ള പ്രാധാന്യവും' എന്നതാണ് പ്രമേയം.

128 ഗവേഷണ പ്രബന്ധങ്ങളും 64 പോസ്റ്റർ അവതരണങ്ങളും മൂന്നു ദിവസത്തെ സമ്മേളനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമുദ്ര ഗവേഷണ കേന്ദ്രങ്ങളും സ്വകാര്യ മേഖലയിലെ വ്യവസായ സംരംഭകരും പ്രദർശന വിഭാഗത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.