ആലുവ: സീപോർട്ട് - എയർപോർട്ട് റോഡ് പദ്ധതിയുടെ വികസനം നിശ്ചലമായതിനെ തുടർന്ന് ദുരിതത്തിലായ പദ്ധതി പ്രദേശത്തെ ഭൂവുടമകൾ പരിഹാരം തേടി മനുഷ്യാവകാശ കമീഷനെ സമീപിച്ചു. ഇതേത്തുടർന്ന് സ്‌പെഷ്യൽ തഹസിൽദാർ, റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ എം.ഡി എന്നിവരോട് കമ്മീഷൻ വിശദീകരണം തേടി.

കീഴ്മാട് വില്ലേജിലെ ഒമ്പത് ഭൂവുടമകകളാണ് കമീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനികിന് പരാതി നൽകിയത്. തങ്ങളടക്കമുള്ള ഭൂവുടമകളുടെ ഭൂമികൾ പദ്ധതിക്ക് ഏറ്റെടുക്കുമെന്ന് കാണിച്ച് എറണാകുളം ലാൻഡ് അക്വിസിഷൻ സ്‌പെഷൽ തഹസിൽദാർ പരസ്യം നൽകിയിട്ട് 18 വർഷമായിട്ടും വസ്തുക്കൾ അക്വയർ ചെയ്യുന്നതിനുള്ള നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന് പരാതിക്കാർ ആരോപിക്കുന്നു. എത്രത്തോളം വസ്തു ഏറ്റെടുക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ ഭൂമി ക്രയവിക്രയവും തടസപ്പെട്ടിരിക്കുകയാണ്. ഇവിടെ വീട് നിർമ്മിക്കുന്നതിനോ മക്കളുടെ വിവാഹാവശ്യത്തിനായി ഭൂമി വിൽക്കുന്നതിനോ കഴിയുന്നില്ല.

രണ്ടാംഘട്ടത്തിലെ നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് ഏതാണ്ട് 18 വർഷം മുമ്പ് സർക്കാർ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിൽ വിവിധ ഭാഗങ്ങളിൽ സ്ഥലം അളന്ന് കല്ലിട്ടിരുന്നു. റോഡ് നിർമ്മാണത്തിന് 198 ഹെക്ടർ സ്ഥലം ഏറ്റെടുക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതിനായിൽ നെടുമ്പാശേരി, ചെങ്ങമനാട്, ചൊവ്വര, ആലുവ ഈസ്റ്റ് എന്നീ വില്ലേജുകളിലായി കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്.

നഗരസഭയ്ക്കെതിരെ മുൻ ചെയർമാൻ

മനുഷ്യാവകാശ കമ്മീഷനിൽ

ആലുവ: കോൺഗ്രസ് ഭരിക്കുന്ന നഗരസഭയ്ക്കെതിരെ മുൻ നഗരസഭ ചെയർമാൻ കൂടിയായ കോൺഗ്രസ് നേതാവ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. ആലുവ മെട്രോ സ്റ്റേഷന് സമീപം ദേശീയപാതയ്ക്ക് കുറുകെയുള്ള കാനയിൽ കേബിളുകൾ കാരണം പരിസരപ്രദേശങ്ങളിലെ കനത്ത വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കാത്തതിനെതിരെയാണ് മുൻ ചെയർമാൻ കൂടിയായ വാർഡ് കൗൺസിലർ എം.ടി. ജേക്കബ് ഹർജി നൽകിയത്. ഉപയോഗശൂന്യമായ കേബിളുകൾ മുറിച്ചുമാറ്റാൻ ദേശീയപാത അതോറിറ്റിയും മെട്രോ അധികൃതരും അനുമതി നൽകിയിട്ടും നടപ്പിലാക്കാൻ സെക്രട്ടറി തയ്യാറാകുന്നില്ലെന്നാണ് ആരോപണം. ഹർജി സ്വീകരിച്ച കമ്മീഷൻ ആലുവ നഗരസഭാ സെക്രട്ടറിക്ക് നോട്ടീസ് നൽകി.

2013ൽ റാങ്ക് ലിസ്റ്റ് വന്ന വില്ലേജ്മാൻ തസ്തികയിൽ ഭിന്നശേഷിക്കാർക്ക് നാല് ശതമാനം സംവരണം പാലിക്കുന്നില്ലെന്ന ഹർജി ഫയലിൽ സ്വീകരിച്ചു. 88 നിയമനങ്ങൾ നടത്തിയതിൽ ഒരെണ്ണം മാത്രമാണ് ഭിന്നശേഷിക്കാർക്ക് നീക്കി വച്ചതെന്ന് പരാതിക്കാരനായ മുടക്കുഴ തോമ്പ്ര വീട് ടി.വി. ജോർജ് ആരോപിച്ചു. പൊതുവഴി കൈയേറി വാർഡംഗം മതിൽ പണിത സംഭവത്തിൽ ആസ്തി രേഖകളുടെ ഫയൽ മറച്ചുവച്ച പള്ളിപ്പുറം പഞ്ചായത്ത് സെക്രട്ടറിക്കെതിരെയും എൻജിനിയർക്കെതിരെയും മനുഷ്യവകാശ കമ്മീഷൻ നോട്ടീസ് അയച്ചു.