കൊച്ചി: ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടി.സി.എസ്) വിഭാഗമായ ടി.സി.എസ് ഇയോൺ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമുമായി (അസാപ് ) സഹകരിക്കും.
ബിരുദ വിദ്യാർത്ഥികൾക്ക് പരിശീലനത്തിലൂടെ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനും യുവാക്കൾക്കിടയിലെ തൊഴിൽക്ഷമത വർദ്ധിപ്പിക്കുന്നതിനുമാണ് അസാപ്പ് ശ്രമിക്കുന്നത്. അസാപ്പുമായി ചേർന്ന് ടി.സി.എസ് ഇയോൺ 66 എൻജിനിയറിംഗ്, 45 പോളിടെക്‌നിക് കോളജുകളിലെ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ലേണിംഗ് പ്ലാറ്റ്‌ഫോമുകളിൽ പഠനസൗകര്യങ്ങൾ ലഭ്യമാക്കും.
വ്യവസായരംഗവുമായി ചേർന്നായിരിക്കും പരിശീലനം. കൗൺസലിംഗ്, ലേണിംഗ് കണ്ടന്റ്, സർട്ടിഫിക്കേഷൻ, ലിങ്കേജ് എന്നിങ്ങനെ കോർപ്പറേറ്റ് രംഗത്ത് തൊഴിൽ ലഭിക്കുന്നതിന് അവസരം നൽകുന്ന പഠനരീതികളാണ് സ്വീകരിക്കുകയെന്ന് ടി.സി.എസ് ഇയോൺ ആഗോള മേധാവി വെങ്കുസ്വാമി രാമസ്വാമി പറഞ്ഞു.
വിദ്യാർത്ഥികൾക്ക് സാധാരണ പഠനത്തിനൊപ്പം ഗുണമേന്മയുള്ള നൈപുണ്യ പരിശീലനവും നൽകുകയാണ് ലക്ഷ്യമെന്ന് അസാപ്പ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ഡോ. വീണ എൻ. മാധവൻ പറഞ്ഞു.