ആലുവ: സ്വന്തമായി സ്ഥലമുണ്ടായിട്ടും സാമ്പത്തികബുദ്ധിമുട്ടുകൾ കൊണ്ട് ഭവനം നിർമ്മിക്കാനാകാതെ വാടക വീടുകളിലും സുരക്ഷിതമല്ലാത്ത കൂരകളിലും കഴിയുന്ന വിധവകളായ അമ്മമാർക്കും അവരുടെ മക്കൾക്കുമായി അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കുന്ന 'അമ്മക്കിളിക്കുട്' ഭവന പദ്ധതിയിൽ നിർമ്മിക്കുന്ന നാൽപ്പതാമത് വീടിന് തറക്കല്ലിട്ടു.
എടയപ്പുറം സ്വദേശിനി ആബിദയ്ക്കുവേണ്ടി നിർമ്മിക്കുന്ന ഭവനത്തിന് സ്പോൺസർ നെസ്റ്റ് ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടറും സി.ഇ.ഒ യുമായ അൽത്താഫ് ജഹാംഗീറാണ് തറക്കല്ലിട്ടത്. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ മുത്തലിബ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് , പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അബ്ദുൾ അസീസ്, രമേശൻ കാവലൻ, കുഞ്ഞുമുഹമ്മദ് സെയ്ദാലി, തോപ്പിൽ അബു, പി.എ. മെഹബൂബ്, കാജ മൂസ, എം.ഐ. ഇസ്മായിൽ, ലിസ്സി സെബാസ്റ്റ്യൻ, ഷാഹിറ, കൊച്ചുപിള്ള, പി.എ മുജീബ്, കെ.കെ. അജിത് കുമാർ, സി.എസ്. അജിതൻ എന്നിവർ സംസാരിച്ചു.
2017 ഏപ്രിൽ നാലിന് സിനിമാതാരം ജയറാം ആദ്യത്തെ വീടിന് തറക്കല്ലിട്ട് ആരംഭം കുറിച്ച 'അമ്മക്കിളിക്കൂട്' പദ്ധതി രണ്ടരവർഷം കൊണ്ടാണ് 40 -ാമത്തെ ഭവനത്തിലേക്കെത്തിയത്. ഇതിനകം പൂർത്തിയായ 33 ഭവനങ്ങൾ കൈമാറി. ആറ് ഭവനങ്ങളുടെ നിർമ്മാണം നെടുമ്പാശേരി, ശ്രീമൂലനഗരം, കാഞ്ഞൂർ, ചെങ്ങമനാട്, കീഴ്മാട്, ചൂർണ്ണിക്കര, എടത്തല എന്നീ പഞ്ചായത്തുകളിൽ പുരോഗമിക്കുകയാണ്. 510 ചതുരശ്ര അടിയിൽ 6.12 ലക്ഷം രൂപ ചിലവിലാണ് ഭവനങ്ങൾ നിർമ്മിക്കുന്നത്. ബാക്കിയുള്ള അപേക്ഷകർക്ക് സ്‌പോൺസർമാരെ കണ്ടെത്തി ഭവനങ്ങൾ നിർമ്മിച്ചു നൽകുവാനുള്ള ശ്രമം തുടരുകയാണെന്ന് എം.എൽ.എ പറഞ്ഞു.