കൊച്ചി: ഇടപ്പള്ളി ടോളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികൾക്കു വേണ്ടി കളമശേരി നഗസരഭ, കൊച്ചി മെട്രോ, ദേശീയപാത അധികൃതർ എന്നിവരുടെ യോഗം ജില്ലാ കളക്ടർ വിളിച്ചു ചേർക്കണമെന്നും യോഗത്തിന്റെ തീരുമാനങ്ങളും മിനുട്സും ജനുവരി 20 നകം സത്യവാങ്മൂലമായി സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി. ഇടപ്പള്ളി ടോളിലെ വെള്ളക്കെട്ട് ഈ മേഖലയിലെ വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കുന്നെന്നാരോപിച്ച് പ്രദേശവാസിയായ ടി.എ. സീതി നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. മെട്രോയുടെ 382 -ാം പില്ലറിനു സമീപം ദേശീയപാതയുടെ പടിഞ്ഞാറു ഭാഗത്തായി ഹർജിക്കാരന്റെ ഉടമസ്ഥതയിലുള്ള സാസ് ആർക്കേഡ് എന്ന കെട്ടിടമുണ്ട്. ഇതിനുള്ളിൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുമുണ്ട്. കഴിഞ്ഞ രണ്ടു വർഷവും പ്രളയത്തെ തുടർന്ന് ഇൗ സ്ഥാപനങ്ങളിൽ വെള്ളം കയറി. ഇടപ്പള്ളി ടോൾ മേഖലയിലെ നീരൊഴുക്ക് തടസപ്പെടുത്തുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ഹർജിയിൽ പറയുന്നു. കൊച്ചി മെട്രോയുടെ തൂണുകൾ അശാസ്ത്രീയമായി നിർമ്മിച്ചതാകാം മുഖ്യ കാരണമെന്നും ഹർജിയിൽ ആരോപിക്കുന്നു. ഇവിടെ വെള്ളം ഒഴുകിപ്പോകാനുള്ള ഇടപ്പള്ളി തോടിന്റെ വീതി കുറഞ്ഞെന്നും സമീപത്തെ ചതുപ്പ് നിലം നെൽവയൽ - തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വരുന്നതിനു മുമ്പ് നികത്തി എടുത്തെന്നും ഹർജിയിൽ പറയുന്നു. മെട്രോയുടെ 392 -ാം പില്ലറിനു സമീപത്തുള്ള ഡ്രെയിനേജ് സംവിധാനം തടസപ്പെട്ടെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. എം.എൽ.എ ഉൾപ്പെടെയുള്ളവർക്ക് പല തവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.