നെടുമ്പാശേരി: അത്താണി - ചുങ്കം റോഡിലെ അപകടങ്ങളും ഗതാഗതക്കുരുക്കും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി അടക്കമുള്ള അധികാരികൾക്ക് ഭീമഹർജി സമർപ്പിക്കാൻ റസിഡന്റ്സ് അസോസിയേഷനുകൾ സംയുക്തമായി ഒപ്പ് ശേഖരണം ആരംഭിച്ചു.
നെടുമ്പാശേരി വിമാനത്താവളത്തിൽ വന്ന് പോകുന്ന ടോറസ് അടക്കമുള്ള ഭാരവാഹനങ്ങൾ, ദീർഘദൂര ബസ് സർവീസുകൾ, സ്‌കൂൾ ബസുകൾ, തീർത്ഥാടന വാഹനങ്ങൾ അടക്കം നൂറ് കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന റോഡാണിത്. വിമാനത്താവളത്തിൽ എളുപ്പത്തിലത്തൊൻ സാധിക്കുന്നതിനാൽ വിവിധ പ്രദേശങ്ങളിൽ നിന്ന് ദിവനേന വാഹനങ്ങളുടെ വരവ് വർദ്ധിക്കുകയാണ്. എന്നാൽ റോഡിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. കുപ്പിക്കഴുത്താകൃതിയിലായ ചെങ്ങമനാട് കവലയിൽ മണിക്കൂറോളം നീളുന്ന ഗതാഗതക്കുരുക്ക് പതിവാണ്. റോഡ് വീതി കൂട്ടാനും അപകടരഹിത സംവിധാനമൊരുക്കാനും വർഷങ്ങളായി പല പദ്ധതികൾ ആവിഷ്‌ക്കരിച്ചെങ്കിലും അവയൊന്നും ഫലം കണ്ടില്ല. ഇതത്തേുടർന്ന് ചെങ്ങമനാട് സൗത്ത് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധങ്ങളുടെ ഭാഗമായാണ് നോർത്ത്, വെസ്റ്റ് റസിഡന്റ്സ് അസോസിയേഷനുകളുടെയും ചൈതന്യ റസിഡൻറ്‌സ് അസോസിയേഷൻെറയും സഹകരണത്തോടെ പൊതുമരാമത്ത് വകുപ്പു മന്ത്രി, ജില്ല കളക്ടർ, പൊതുമരാമത്ത് വകുപ്പധികാരികൾ അടക്കമുള്ളവർക്ക് ഭീമ ഹർജി സമർപ്പിക്കുന്നതിൻെറ ഭാഗമായി ഒപ്പ് ശേഖരണം സംഘടിപ്പിച്ചത്.
സൗത്ത് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡൻറ് സ്റ്റാൻലി അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി എം.കെ.അസീസ് വിഷയം അവതരിപ്പിച്ചു.