കൊച്ചി: പൊളിച്ചുമാറ്റുന്ന ഫ്ലാറ്റുകളുടെ സമീപത്തെ വീടുകൾക്ക് ലഭ്യമാകേണ്ട ഇൻഷ്വറൻസ് പരിരക്ഷയിൽ വ്യക്തതയില്ലെന്നതിനെ ചൊല്ലി സമീപവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. പ്രശ്‌നത്തിൽ സർക്കാർ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം. മരട് ഫ്‌ളാറ്റുകൾക്ക് സമീപമുള്ള വീടുകൾക്ക് നൽകാനിരുന്ന ഇൻഷ്വറൻസ് തുക 125 കോടിയിൽ നിന്ന് 100 കോടി രൂപയായി സർക്കാർ വെട്ടിക്കുറച്ചിരുന്നു
വീടുകൾക്ക് തകരാർ സംഭവിച്ചാൽ ഇപ്പോഴത്തെ സ്‌കീം അനുസരിച്ച് വീടുകൾക്ക് ചെറിയ തുകയേ കിട്ടൂവെന്ന് പ്രദേശവാസികൾ പറയുന്നു. ഉയർന്ന പ്രീമിയം നിരക്കാണ് ഇൻഷ്വറൻസ് തുക കുറയ്ക്കാൻ കാരണമായി സർക്കാർ പറയുന്നത്. ആറു മാസമാണ് ഇൻഷ്വറൻസ് കാലവധി. അതേസമയം, സമീപത്തെ വീടുകളുടെ നിലവിലെ അവസ്ഥ രേഖപ്പെടുത്താൻ സർക്കാർ നിർദേശപ്രകാരമുള്ള സർവേ നടപടികൾ പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം ഇതേ വിഷയത്തിൽ നാട്ടുകാരുമായി നടത്തിയ ചർച്ചയിൽ നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നില്ല. ഫ്ലാറ്റുകൾ പൊളിക്കാൻ കരാറെടുത്ത കമ്പനി പ്രതിനിധികളാണ് യോഗത്തിനെത്തിയത്. ഇതോടെ വ്യവസ്ഥകൾ അംഗീകരിക്കാതെ നാട്ടുകാർ ഇറങ്ങിപ്പോയിരുന്നു. .
സുതാര്യമല്ലെന്ന് മരട് നഗരസഭ
ഫ്ലാറ്റുകൾ പൊളിക്കുമ്പോഴുണ്ടാകുന്ന കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കാനുള്ള കരാറിന് അനുമതി നൽകുന്നതിനായി നഗരസഭയുടെ കൗൺസിൽ യോഗം ഇന്നലെ ചേർന്നു. മരടിൽ ഫ്ലാറ്റ് പൊളിക്കുമ്പോഴുണ്ടാകുന്ന അവശിഷ്ടങ്ങൾ നീക്കംചെയ്യാനുള്ള ടെൻഡർ നടപടികൾ മരട് നഗരസഭാ കൗൺസിൽ യോഗം തള്ളി. നടപടി സുതാര്യമല്ലെന്നും അവശിഷ്ടങ്ങൾ നീക്കിത്തുടങ്ങിയതിനുശേഷം അനുമതിക്ക് എത്തിയത് അംഗീകരിക്കാനാവില്ലെന്നും കൗൺസിലർമാർ ഒറ്റക്കെട്ടായി പറഞ്ഞു. വിയോജനക്കുറിപ്പ് രേഖാമൂലം നൽകണമെന്ന സെക്രട്ടറിയുടെ ആവശ്യവും കൗൺസിലർമാർ തള്ളി. യോഗത്തിൽ നഗരസഭ സെക്രട്ടറിയ്ക്കെതിരെ രൂക്ഷ വിമർശനമുയർന്നു. ലേലം വിളിക്കാതെ ടെൻഡർ നൽകിയത് അഴിമതി നടത്താനാണെന്ന് കൗൺസിലർമാർ ആരോപിച്ചു. അതിനാൽ ടെൻഡർ റദ്ദാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഫ്ലാറ്റ് വിഷയവുമായി ബന്ധപ്പെട്ട ഒരു കാര്യവും നഗരസഭാദ്ധ്യക്ഷയെയോ കൗൺസിലർമാരെയോ ഉദ്യോഗസ്ഥർ അറിയിക്കുന്നില്ലെന്നും കൗൺസിലർമാർ ആരോപിച്ചു. ചില ഉദ്യോഗസ്ഥരെ സ്ഥാനം മാറ്റിയതിലൂടെ നഗരസഭാ പ്രവർത്തനം താളംതെറ്റിച്ച സെക്രട്ടറിയുടെ നടപടിയും കൗൺസിലർമാർ ചോദ്യം ചെയ്തു. ഫ്ളാറ്റ് പരിസരവാസികളുടെ ആശങ്കകൾ ചർച്ചചെയ്യാൻ അടിയന്തര കൗൺസിൽ എത്രയും പെട്ടെന്ന് വിളിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ ടി.എച്ച് നദീറ പറഞ്ഞു.