മൂവാറ്റുപുഴ: അമ്പലംപടി വീട്ടൂർ റോഡിന്റെ മുളവൂർ ഭാഗത്തെ മൂന്ന് കി.മീറ്റർ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് റോഡിനാവശ്യമായ സ്ഥലം വിട്ട് നൽകുമെന്ന് ഇലാഹിയ ട്രസ്റ്റും, വധശ്രമമടക്കമുള്ള കേസുകൾ പിൻവലിക്കണമെന്ന് റോഡ് സമരസമിതിയും തമ്മിൽ തർക്കമായതോടെ റോഡ് നിർമ്മാണം പ്രതിസന്ധിയിലേയ്ക്ക്. റോഡ് നിർമ്മാണത്തിന് ആവശ്യമായ സ്ഥലം വിട്ട് നൽകുമെന്ന് ഇലാഹിയ ട്രസ്റ്റ് ചെയർമാൻ കെ.എം.പരീത് പത്രസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ റോഡ് വീതി കൂട്ടലുമായി പ്രദേശ വാസികൾക്കെതിരെ എടുത്തിരിക്കുന്ന വധശ്രമം അടക്കമുള്ള കേസുകൾ പിൻവലിക്കാത്ത പക്ഷം സമരം ശക്തമാക്കുമെന്ന് സമരസമിതി ചെയർമാൻ ഒ.കെ.മുഹമ്മദ് പത്രസമ്മേളനത്തിൽ പറഞ്ഞു. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഇലാഹിയ ട്രസ്റ്റും റോഡ് വികസനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സമരസമിതിയും തമ്മിലുള്ള തർക്കം റോഡ് നിർമ്മാണത്തെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എട്ട് മീറ്റർ വീതിയുണ്ടായിരുന്ന റോഡ് പല സ്ഥലങ്ങളിലും അനധികൃത കയ്യേറ്റത്തെ തുടർന്ന് വീതി കുറവാണ്. ഇതേ തുടർന്ന് പ്രദേശവാസികളുടെ നേതൃത്വത്തിൽ റോഡ് കയ്യേറ്റങ്ങൾ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇലാഹിയ ട്രസ്റ്റുമായി ഉണ്ടായ തർക്കമാണ് ഒടുവിൽ കേസിൽ കലാശിച്ചത്. ട്രസ്റ്റിന് കീഴിലുള്ള എഞ്ചിനിയറിംഗ് കോളേജിലേക്ക് കുടിവെള്ളമെത്തിക്കുന്ന പമ്പ് ഹൗസിന്റെ മോട്ടർ തകർക്കുകയും, കിണറ്റിൽ ഡീസലും കരിഓയിലും ഒഴിക്കുകയും, രാത്രിയിൽ കോളേജിന്റെ മതിൽ തകർക്കുകയും ചെയ്ത സംഭവത്തിലാണ് പ്രദേശത്തെ ഏഴോളം പേർക്കെതിരെ വധശ്രമമടക്കമുള്ള കേസ് എടുത്തത്. എന്നാൽ റോഡ് നിർമ്മാണത്തിന് സ്ഥലം വിട്ട് നൽകുമെന്ന് ഇലാഹിയ ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. സ്ഥലം നൽകില്ലന്ന് ട്രസ്റ്റിനെതിരെ വ്യാജ പ്രചരണം നടത്തുകയാണന്നും ഭാരവാഹികൾ പറഞ്ഞു. ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കാമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.