പള്ളുരുത്തി: ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപമുള്ള ഒരേക്കറോളം വരുന്ന തണ്ണീർതടം നികത്താനുള്ള നീക്കം നാട്ടുകാർ ഇടപെട്ട് നിർത്തിവെപ്പിച്ചു. ഭൂവുടമയുടെ നേതൃത്വത്തിൽ ജെസിബിയുമായെത്തിയാണ് നികത്തൽ ജോലികൾ ആരംഭിച്ചത് .ഇന്നലെ രാവിലെയോടെയാണ് സംഭവം. തണ്ണീർതടത്തിന്റെ ഒരു ഭാഗം നികത്താൻ തുടങ്ങിയപ്പോഴാണ് നാട്ടുകാർ സംഭവത്തിൽ ഇടപെട്ടത്. നാട്ടുകാരുടെ എതിർപ്പിനെ മറികടന്ന് ജോലികൾ തുടരാൻ ശ്രമിച്ചെങ്കിലും കൂടുതൽ പേർ എതിർപ്പുമായി എത്തിയതോടെ ഭൂവുടമ പിന്തിരിയുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് ഇതേ തണ്ണീർതടം

നികത്തുവാൻ ശ്രമം നടത്തിയിരുന്നു വില്ലേജ് ഓഫീസർ എത്തി സ്റ്റോപ്പ് മെമ്മോ നൽകിയാണ് അന്ന് നിർമ്മാണജോലികൾ നിർത്തി വെപ്പിച്ചത് കൊച്ചി മേഖലയിൽ ഏറ്റവും അധികം തണ്ണീർതടം നിലവിലുള്ളത് ഇടക്കൊച്ചി മേഖലയിലാണ്.

അധികൃതരുടെ അറിവോടെ ഇതിൽ ഏറിയ പങ്കും നികത്തിയെടുത്തു കഴിഞ്ഞു. അവശേഷിക്കുന്ന തണ്ണീർതടങ്ങൾ സംരക്ഷിക്കുവാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.