കൊച്ചി: ഉദയംപേരൂർ വിദ്യ കൊലക്കേസിൽ പൊലീസ് ശാസ്ത്രീയ തെളിവുകൾക്ക് പിന്നാലെ. സംഭവം നടന്ന് മാസങ്ങൾ പിന്നിട്ട സാഹചര്യത്തിലാണിത്. കൊല്ലാൻ ഉപയോഗിച്ച കയർ, മൃതദേഹം കടത്തിയ കാറ്, ഫോൺ കാൾ വിശദാംശങ്ങൾ എന്നിവയാണ് പ്രധാനമായും അന്വേഷണ സംഘം കണ്ണിചേർക്കുന്നത്. ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ ഇതിനോടകം കണ്ടെത്തി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇത് അടുത്ത ദിവസം ലഭിക്കുമെന്നാണ് പ്രതീക്ഷ. മറിച്ചു വിറ്റ കാർ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, വിദ്യയെ കൊല്ലാൻ ഉപയോഗിച്ച കയർ, പേയാടുള്ള വില്ലയിൽ ഒളിപ്പിച്ചതായാണ് പ്രേംകുമാറിന്റെ മൊഴി. ഇത് കണ്ടെത്തുകയാണ് ആദ്യ ശ്രമം. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ഇന്ന് തന്നെ തിരുവനന്തപുരത്തെ പേയാടുള്ള വില്ലയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കയറിൽ വിദ്യയുടെ കഴുത്തിലെ തൊലിയുടെ അംശങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ഇത് പരിശോധനയ്ക്ക് അയക്കും. കയറിൽ തൊലിയുടെ അംശങ്ങൾ കണ്ടെത്താൻ കഴിഞ്ഞാൽ അന്വേഷണം കൂടുതൽ എളുപ്പമാകും.
നിലവിൽ, വിദ്യയുടെ കഴുത്തിലെ എല്ലുകൾക്കു പൊട്ടലില്ലെന്നും മരണകാരണം വ്യക്തമാകണമെങ്കിൽ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വേണമെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കന്യാകുമാരി മെഡിക്കൽ കോളജിൽ നിന്നുള്ള പൊലീസ് സർജനാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. അഴുകിത്തുടങ്ങിയ മൃതദേഹത്തിയിലായിരുന്നു പോസ്റ്റ്‌മോർട്ടം.ആന്തരികാവയവങ്ങൾ കെമിക്കൽ പരിശോധനയ്ക്കും അയച്ചിട്ടുണ്ട്. എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ ഇതുവരെ കേരള പൊലീസിന് ലഭിച്ചിട്ടില്ല. ഇത് ലഭിക്കാൻ അടുത്തദിവസം അപേക്ഷ നൽകും.
സുഹൃത്ത് ഒളിവിൽ ?
വിദ്യയെ കൊലപ്പെടുത്തിയശേഷം മൃതദേഹം തമിഴ്‌നാട്ടിൽ ഉപേക്ഷിക്കാൻ ഉപദേശം നൽകിയ പ്രേംകുമാറിന്റെ സുഹൃത്ത് ഒളിവിലെന്ന് സൂചന. ഇയാൾക്കായി പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രേംകുമാറിന്റെ അടുത്ത സുഹൃത്താണെന്നാണ് വിവരം. അതേസമയം, റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് നൽകിയ അപേക്ഷ കോടതി തൃപ്പൂണിത്തുറ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് അപേക്ഷ ഇന്ന് പരിഗണിക്കും. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചാൽ വിശദമായി ചോദ്യം ചെയ്യും. കൊലപാതകത്തിനും മൃതദേഹം തമിഴ്‌നാട്ടിൽ ഉപേക്ഷിക്കാൻ പ്രതികൾക്ക് മറ്റാരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോയെന്ന് കണ്ടെത്തുകയാണ് പ്രധാന ഉദ്ദേശ്യം. ഒരാളോട് സഹായം അഭ്യർത്ഥിച്ചുവെങ്കിലും ലഭിച്ചില്ല എന്നാണ് പ്രതികളായ പ്രേംകുമാറിന്റെയും സുനിതയുടെയും മൊഴി. എന്നാൽ, ഇത് പൂർണമായും മുഖവിലയ്ക്ക് എടുക്കാതെയാണ് തുടരന്വേഷണം. ഇന്ന് തന്നെ തെളിവെടുപ്പ് ആരംഭിക്കുമെന്ന് അന്വേഷണ തലവൻ പറഞ്ഞു.
പേയാടുള്ള വില്ല, മൃതദേഹം ഉപേക്ഷിച്ച തിരുനെൽവേലി, പണം പിൻവലിച്ച എ.ടി.എം കൗണ്ടറുകൾ എന്നിവിടങ്ങളിലെല്ലാം പ്രതികളെ എത്തിച്ച് തെളിവെടുക്കും. സെപ്തംബർ21നാണ് ഉദയംപേരൂരിൽ താമസിച്ചുവന്ന ചങ്ങനാശേരി ഇത്തിത്താനം സ്വദേശി പ്രേംകുമാർ ഭാര്യ വിദ്യയെ കാമുകി സുനിതയുടെ സഹായത്തോടെ കൊലപ്പെടുത്തിയത്. വിദ്യയെ ആയുർവേദ ചികിത്സയ്‌ക്കെന്നു പറഞ്ഞാണ് പ്രേംകുമാർ കാമുകിയുമൊത്ത് താമസിച്ചിരുന്ന തിരുവനന്തപുരം പേയാടുള്ള വില്ലയിലെത്തിച്ചത്. പിന്നീട് മദ്യം നൽകി മയക്കിയശേഷം പുലർച്ചെ രണ്ടുമണിയോടെ വിദ്യയെ പ്രേംകുമാർ കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.