yadhulal

കൊച്ചി: പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥമൂലം മൂടാതെകിടന്ന റോഡിലെ കുഴി ഒരു കുടുംബത്തിന്റെ ആശ്രയമായ യുവാവിന്റെ ജീവൻ കവർന്നു. കടവന്ത്ര സോഫ്റ്റൻ ടെക്നോളജീസിലെ വിദ്യാർത്ഥിയും ചെറിയപ്പിള്ളി മഡോണ ടെയ്‌ലേഴ്സ് ഉടമ കൂനമ്മാവ് കാച്ചാനിക്കോടത്ത് ലാലന്റെ മകനുമായ കെ.എൽ. യദുലാൽ (23) ആണ് മരിച്ചത്. പാലാരിവട്ടം മെട്രോസ്റ്റേഷന് തൊട്ടരികിൽ മൂന്നാഴ്ചയായി മൂടാതെ കിടന്ന കുഴിയുടെ മുന്നിൽ വച്ച വലിയ ബോർഡിൽ ബൈക്കിന്റെ ഹാൻഡിൽ ബാർ തട്ടിമറിഞ്ഞ് റോഡിൽ വീണ യുവാവിന്റെ ദേഹത്തുകൂടി, പിന്നാലെ വന്ന ടാങ്കർ ലോറി കയറിയാണ് ‌മരണം സംഭവിച്ചത്. ഇന്നലെ രാവിലെ എട്ടോടെയാണ് അപകടം.

പരിക്കേറ്റ യദുവിനെ ഉടൻ പിന്നാലെ വന്ന കാറിൽ പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലാരിവട്ടം പൊലീസും മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു.

നിഷ ലാലനാണ് യദുവിന്റെ മാതാവ്. നന്ദുലാൽ സഹോദരൻ. മൃതദേഹം വൈകിട്ട് തോന്നിയകാവ് ശ്‌മശാനത്തിൽ സംസ്കരിച്ചു.

ഈ ഭാഗത്ത് റോഡിനടിയിലൂടെ കടന്നുപോകുന്ന കുടിവെള്ളപൈപ്പ് പൊട്ടിയാണ് റോഡിൽ കുഴി രൂപപ്പെട്ടത്. ചോർച്ച പരിഹരിച്ച് കുഴി അടച്ച് റോഡ് ടാർ ചെയ്യുന്നതിന് വാട്ടർ അതോറിട്ടിയും പൊതുമരാമത്ത് വകുപ്പും നടപടി സ്വീകരിച്ചിരുന്നില്ല. മെട്രോ സ്റ്റേഷന് മുന്നിലെ പൊട്ടിപ്പൊളിഞ്ഞുകിടന്ന ഭാഗം കഴിഞ്ഞയാഴ്ച ടാർ ചെയ്തപ്പോഴും ഈ കുഴി മൂടിയിരുന്നില്ല. കെ.എം.ആർ.എൽ നടപ്പാത നിർമ്മിക്കാനുപയോഗിക്കുന്ന വലിയ മൂന്ന് കോൺക്രീറ്റ് കട്ടകൾ അപകടകരമായ രീതിയിൽ കുഴിയിൽ ഇട്ടിരിക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് മെട്രോ ജോലിക്കിടെ ഉപയോഗിക്കുന്ന വലിയ ബോർഡ് കുഴിക്ക് മുന്നിൽ വച്ചത്. ഇതുമൂലം ഇടുങ്ങിയ ഈ ഭാഗത്ത് ഗതാഗതകുരുക്കും രൂക്ഷമാണ്. എന്നിട്ടും പൈപ്പിലെ ചോർച്ച പരിഹരിച്ച് കുഴി മൂടുന്നതിൽ വാട്ടർ അതോറിട്ടിയും പൊതുമരാമത്ത് വകുപ്പും അലംഭാവം കാട്ടിയതാണ് ദുരന്തത്തിന് കാരണമായത്.

വിഷമങ്ങൾക്കു നടുവിൽ

സാമ്പത്തികവിഷമത അനുഭവിക്കുന്ന കുടുംബത്തിലെ അംഗമാണ് യദുലാൽ. അമ്മ കാൻസർ രോഗത്തിന് രണ്ടു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ്. റേഡിയേഷനുവേണ്ടി ഇന്നലെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് അപകടവിവരം വീട്ടിലറിഞ്ഞത്. യുദ്ധത്തെതുടർന്ന് കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ പിതാവ് തയ്യൽക്കാരനാണ്.

ഐ.ടി.ഐയിൽ ഇലക്ട്രോണിക്സ് വിജയിച്ചശേഷം ജോലി ലഭിക്കാൻ സഹായമായ ആറു മാസത്തെ കോഴ്സിനാണ് കടവന്ത്രയിൽ ചേർന്നത്. പഠനശേഷം ഓൺലൈൻ ഭക്ഷണവിതരണം നടത്തിയാണ് പഠിക്കാൻ പണം കണ്ടെത്തിയിരുന്നത്. സഹോദരൻ ഐ.ടി.ഐ പാസായി സ്വകാര്യ സ്ഥാപനത്തിൽ ട്രെയിനിയായി കയറിയിട്ടേയുള്ളു.