പെരുമ്പാവൂർ: അശമന്നൂരിൽ കായിക മേഖലയിലെ മുന്നേറ്റത്തിന് ഗ്രാമീണ സ്റ്റേഡിയം ഒരുങ്ങുന്നു. ഓപ്പൺ സ്റ്റേജ് കൂടി ഉൾപ്പെടുന്ന കളി സ്ഥലത്തിന്റെ നിർമ്മാണോദ്ഘടനം അഡ്വ.എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. അശമന്നൂർ ഗവ. യു.പി സ്‌കൂളിന്റെ ഒന്നര ഏക്കർ വരുന്ന സ്ഥലം നവീകരിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. റോഡരികിൽ നിന്ന് താഴ്ന്ന പ്രദേശമായതിനാൽ വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുന്നതിനായി മൈതാനത്തിന് ചുറ്റും കാന നിർമ്മിച്ച്, സൈഡുകൾ കരിങ്കല്ല് ഉപയോഗിച്ചു കെട്ടി സംരക്ഷിച്ചാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. ഓപ്പൺ സ്റ്റേജും ഇരിപ്പിടങ്ങളും ഇതിന്റെ ഭാഗമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്.സ്‌കൂളിലെ വിദ്യാർത്ഥികൾക്കും പ്രദേശത്തെ യുവജനങ്ങൾക്കും അവരുടെ കായിക പരിശീലനങ്ങൾക്ക് മൈതാനം കൂടുതൽ സഹായകരമാകും എന്നാണ് വിലയിരുത്തൽ. കൂടാതെ പ്രഭാത സവാരിക്ക് ഇറങ്ങുന്നവർക്കും മൈതാനം പ്രയോജനം ചെയ്യും. ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും അവരുടെ കായികപരമായ ഉന്നമനത്തിന് യഥാസമയം പരിശീലനം ലഭ്യമാക്കുന്നതിന് ഈ പദ്ധതി സഹായിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എം സലിം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ബേസിൽ പോൾ, ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ.പി വർഗീസ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഹണിത് ബേബി, ചിത്ര ചന്ദ്രൻ, ജനപ്രതിനിധികളായ പ്രീത സുകു, പി.ഒ ജെയ്സ്, ബിന്ദു ബെസ്സി, സജീഷ്, ഒ. ദേവസ്സി, കെ.പി വർഗീസ്, എന്നിവർ പ്രസംഗിച്ചു.