shane-nigam

കൊച്ചി: ഷെയിൻ നിഗം വിവാദത്തിൽ ചർച്ചയാവാമെന്ന് സാങ്കേതികപ്രവർത്തകരുടെ സംഘടനയായ ഫെഫ്‌കയുടെ ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. രണ്ട് പുതുമുഖ സംവിധായകരുടെ സിനിമകൾ പൂർത്തിയാക്കണമെന്നാണ് ഫെഫ്‌കയുടെ നിലപാട്. എല്ലാ സംഘടനകളുടെയും വികാരത്തെ മാനിച്ചുകൊണ്ടാവണം ചർച്ചയെന്ന് എറണാകുളത്ത് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചു.

ഷെയിൻ നിഗം വിവാദം താരസംഘടനയായ 'അമ്മ'യുമായി ചർച്ച ചെയ്ത് പരിഹരിക്കാനൊരുങ്ങുമ്പോഴാണ് നടൻ തിരുവനന്തപുരത്ത് നിർമ്മാതക്കൾക്കെതിരെ പരാമർശം നടത്തിയത്. അത്തരമൊരു വ്യക്തിയുമൊത്ത് ഉടനടി ചർച്ചയ്ക്ക് നിർമ്മാതാക്കൾ ഒരുക്കമല്ല. നടന്റെ ഭാഗത്തുനിന്ന് പ്രശ്നമുണ്ടാവില്ലെന്ന് നിർമ്മാതാക്കൾക്ക് ഉറപ്പുകൊടുക്കേണ്ടത് അമ്മയും ഫെഫ്‌കയുമാണ്. നടൻ മോഹൻലാൽ പങ്കെടുക്കുന്ന ഡിസംബർ 22 ലെ 'അമ്മ' എക്സിക്യുട്ടീവ് യോഗത്തിനുശേഷം ഫെഫ്‌ക തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.