കൊച്ചി: രാജി വയ്ക്കണമെന്ന സമ്മർദ്ദം ശക്തമായതോടെ സ്ഥിരംസമിതി അദ്ധ്യക്ഷ നാടുവിട്ടു. നഗരസഭ വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷയും കെ.വി. തോമസ് പക്ഷക്കാരിയുമായ ഗ്രേസി ജോസഫാണ് ഗൾഫിലേക്ക് പോയത്. എത്രയും പെട്ടെന്ന് സ്ഥാനം ഒഴിയണമെന്ന് ഡി.സി.സി പ്രസിഡന്റ് കൂടിയായ ടി.ജെ. വിനോദ് എം.എൽ.എ കഴിഞ്ഞ ചൊവ്വാഴ്ച കർശന നിർദേശം നൽകിയതിന് പിന്നാലെയാണ് ആരോടും പറയാതെ അദ്ധ്യക്ഷ സ്ഥലം വിട്ടത്. എന്നാണ് ഇവരുടെ മടങ്ങി വരവെന്നും അറിയില്ല. വിദ്യാഭ്യാസ , ആരോഗ്യ സ്ഥിരം സമിതികൾ നിലവിൽ പ്രതിപക്ഷത്തിന്റെ കൈവശമാണ്. ധനകാര്യ സമിതിയിൽ എൽ.ഡി.എഫിന് അഞ്ചും യു.ഡി.എഫിന് നാലും അംഗങ്ങളാണുള്ളത്. ധനകാര്യ സമിതിയിൽ ഒരു അംഗത്തിന്റെ ഒഴിവുണ്ട്. ഇതിലേക്കുള്ള തിരഞ്ഞെടുപ്പ് പിന്നീട് നടക്കും.

സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ നാലു പേരോടും കഴിഞ്ഞ 23 നകം രാജിവയ്കാനായിരുന്നു ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടത്. ആദ്യം ഷൈനി മാത്യവും പിന്നീട് കെ.വി.പി കൃഷ്ണകുമാറും എ.ബി.സാബു എന്നിവരും രാജി വച്ചെങ്കിലും ഗ്രേസി ജോസഫ് രാജി വയ്ക്കാൻ തയ്യാറായില്ല. രാജിക്ക് കുറച്ചുകൂടി സമയം ആവശ്യപ്പെട്ടെങ്കിലും ജില്ലയിലെ മുതിർന്ന നേതാക്കൾ അത് അംഗീകരിച്ചില്ല. ഉടൻ രാജി വയ്ക്കാൻ ഡി.സി.സി പ്രസിഡന്റ് വീണ്ടും നിർദേശം നൽകിയതോടെ കാര്യങ്ങൾ ആകെ മാറിമറിഞ്ഞു.

സ്ഥിരംസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പും അദ്ധ്യക്ഷ തിരഞ്ഞെടുപ്പുമെല്ലാം കഴിഞ്ഞാൽ മേയർ മാറ്റം എന്ന ദീർഘകാല ആവശ്യം യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് മേയറുടെ എതിരാളികൾ.

തിരഞ്ഞെടുപ്പ് 19 ന്

സ്ഥിരംസമിതി അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് 19 ന് നടക്കാനിരിക്കെയുള്ള തിരോധാനം നേതൃത്വത്തെ ഞെട്ടിച്ചു. മേയർ ഉൾപ്പെടെ 73 കൗൺസിലർമാരും തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യണം. നഗരാസൂത്രണ സമിതിയിലേക്കും ‌ടാക്സ് അപ്പീൽ കമ്മിറ്റിയിലേക്കുമുള്ള തിരഞ്ഞെടുപ്പാണ് അന്ന് നടക്കുന്നത്. എല്ലാ സ്ഥിരം സമിതികളിലും 9 അംഗങ്ങൾ വീതമാണുള്ളത്. രണ്ടു സമിതികളിലും നിലവിൽ ഒരു വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിനുള്ളത്. എന്തെങ്കിലും കാരണവശാൽ ഒരംഗം വിട്ടുനിന്നാൽ രണ്ടു സമിതികളും എൽ.ഡി.എഫ് പിടിച്ചെടുക്കും.

ഇന്ന് കൗൺസിൽ യോഗം

വിവാദങ്ങൾക്കിടെ ഇന്ന് ഉച്ചയ്ക്ക് 2.30 ന് കൗൺസിൽ യോഗം ചേരും. പി.എം. ഹാരിസ് മാത്രമേ യു.ഡി.എഫിന്റെ സ്ഥിരം ചെയർമാനായി യോഗത്തിൽ ഉണ്ടാകുകയുള്ളു. മേയർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് കൗൺസിൽ യോഗങ്ങളിലും പ്രതിപക്ഷം പ്രക്ഷുബ്‌ധമായ രംഗങ്ങൾ സൃഷ്ടിച്ചിരുന്നു. ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്നാവട്ടെ മേയർക്ക് വേണ്ടത്ര പിന്തുണ ലഭിച്ചതുമില്ല.