മൂവാറ്റുപുഴ: അമ്പലംപടി -വീട്ടൂർ റോഡ് നവീകരണം തടസപ്പെടുത്താൻ അനുവദിക്കില്ലെന്ന് സമീപവാസികൾ. പായിപ്ര ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ അമ്പലംപടി വീട്ടൂർ റോഡിന്റെ മുളവൂർ ഭാഗത്തെ നവീകരണ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ മാസമാണ് തുടക്കകുറിച്ചത്.
1980ൽ നാട്ടുകാരുടെ നേതൃത്വത്തിൽ എട്ട് മീറ്റർ വീതിയിൽ നിർമിച്ചതാണ് റോഡ്. എന്നാൽ കാലക്രമേണ റോഡിന്റെ ഇരുവശങ്ങളും കൈയേറിയതിനാൽ വീതി പല ഭാഗങ്ങളിലും കുറഞ്ഞു കൈയേറ്റംഒഴിപ്പിക്കുന്നതിന്റെ ഭാഗമായി നാട്ടുകാരുടെ നേതൃത്വത്തിൽ മതിലുകളും, ചെറുകയ്യാലകളും പൊളിച്ച് നീക്കിയിരുന്നു.
മൂവാറ്റുപുഴ നിയോജക മണ്ഡലം ഉൾപ്പെടുന്ന മുളവൂർ ഭാഗത്ത് വരുന്ന മൂന്ന് കിലോമീറ്റർ റോഡാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ബിഎം ബിസി നിലവാരത്തിൽ ടാർചെയ്യുന്നത്. റോഡ് ബി.എം,ബിസി നിലവാരത്തിൽ ടാർചെയ്യുന്നതിന് നേരത്തെ പൊതുമരാമത്ത് വകുപ്പിൽ നിന്നും 2.50കോടി രൂപ അനുവദിച്ചിരുന്നു. റോഡിന്റെ നിർമ്മാണോദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവ്വഹിച്ചു. കാലവർഷം ആരംഭിച്ചതോടെ റോഡിന്റെ നിർമ്മാണം വൈകുകയായിരുന്നു. കീച്ചേരിപ്പടി ഇരമല്ലൂർ റോഡിലെ നിരപ്പ് തൈക്കാവും പടിയിൽ നിന്നും ആരംഭിച്ച് നിയോജകമണ്ഡലാതിർത്തിയായ ഈസ്റ്റ് മുളവൂർ തൈക്കാവുംപടിയിൽ അവസാനിക്കുന്ന മൂന്ന് കിലോമീറ്റർ വരുന്ന റോഡാണ് ഇത് . എട്ട് മീറ്റർ വരുന്ന റോഡ് അഞ്ചര മീറ്റർ വീതിയിൽ ടാറിംഗും, കലങ്കുകളുംഓടകളും നിർമിക്കുന്ന രീതിയിലാണ് എസ്റ്റിമേറ്റ് .. കോതമംഗലം നിയോജക മണ്ഡലത്തിലെ അമ്പലംപടിയിൽ നിന്നും ആരംഭിച്ച്, പായിപ്ര ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയായ വീട്ടൂരിൽ അവസാനിക്കുന്ന 10കിലോമീറ്റർ ദൂരം വരുന്ന റോഡാണിത്. പായിപ്ര പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച്, 11, 12, 17,18 വാർഡുകളിലൂടെ കടന്ന് പോകുന്നു. മുളവൂർ പ്രദേശവാസികൾക്ക് പഞ്ചായത്ത് ആസ്ഥാനമായ പേഴയ്ക്കാപ്പിള്ളിയിൽ എളുപ്പത്തിൽ എത്തിച്ചേരുന്നതിന് ഉപകരിക്കുന്ന പ്രധാന റോഡാണിത്.