veed
അഭിരാമിയുടെയും അഭിറാമിന്റെയും വീട്

കിഴക്കമ്പലം: പാഠം ഒന്ന് ഒത്തു പിടിച്ചാൽ മലയും പോരും.മോറയ്ക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും,അദ്ധ്യാപക, അനദ്ധ്യാപകരും ഒത്തു പിടിച്ചപ്പോൾ വീടില്ലാത്ത സഹപാഠിയ്ക്ക് വീടായി. സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് അഭിരാമി, അഭിറാം ഒമ്പതിലും പഠിക്കുന്നു. അച്ഛൻ നേരത്തെ രോഗബാധിതനായി മരിച്ചതോടെ ഇവരും അമ്മയും അമ്മാവന്റെ സംരക്ഷണയിലായിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന അമ്മാവന് ഇവരുടെ സംരക്ഷണം ബാദ്ധ്യതയാകുമെന്ന് തിരിച്ചറിഞ്ഞ സഹപാഠികളാണ് വീടു നിർമ്മാണമെന്ന ആശയവുമായി മുന്നോട്ട് വന്നത്. തുടർന്ന് രക്ഷിതാക്കളുടെ സഹകരണത്തോടെ പണം കണ്ടെത്താെനായി ശ്രമം തുടങ്ങി. പോക്കറ്റു മണിയായി

കൈയ്യിൽ കിട്ടുന്ന ചില്ലിക്കാശുപോലും കളയാതെ കുട്ടികൾ സ്വരുക്കൂട്ടിയത് രണ്ടു ലക്ഷത്തി പതിനായിരം രൂപ. ഈ തുകയടക്കം നല്കി സ്‌കൂളിന്റെ ശതാബ്ദി വർഷ ആഘോഷങ്ങൾ കുറച്ച് സ്‌കൂൾ ജീവനക്കാരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്നപ്പോൾ സ്വന്തമായി വീടെന്ന അഭിരാമിയുടെയും അഭിറാമിന്റെയും സ്വപ്നം പൂവണിയുകയായിരുന്നു.

ഏഴ് ലക്ഷത്തി അറുപതിനായിരം രൂപ ചെലവിൽ ടൈൽസിട്ട് മനോഹരമാക്കിയാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്. ബാക്കി വേണ്ട തുക അദ്ധ്യാപകരും അനദ്ധ്യാപകരും കണ്ടെത്തി.ഗൃഹപ്രവേശം സ്‌കൂൾ പ്രിൻസിപ്പൽ പി.വി ജേക്കബിന്റെ നേതൃത്വത്തിൽ നടത്തി.ഹെഡ്മാസ്​റ്റർ ജോസ് മാത്യു, പി.ടി.എ പ്രസിഡന്റ് സിമി ജോൺസൺ, റെജി വർഗീസ്, കെ.ഐ കുര്യാക്കോസ്,ഷിബു ജോർജ്ജ്,വിനയ് വേണുഗോപാൽ എന്നിവർ സംബന്ധിച്ചു.