ഫോർട്ടുകൊച്ചി: വില്ലേജ് ഓഫീസിനു മുൻവശത്തെ സാന്താക്രൂസ് മൈതാനിയിലെ കൂറ്റൻ മരം വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും പേടി സ്വപ്നമാകുന്നു. രാവിലെയും വൈകിട്ടും നിരവധി വിദ്യാർത്ഥികളാണ് ഇവിടെ കായിക വിനോദത്തിൽ ഏർപ്പെടാൻ എത്തുുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള മരത്തിന്റെ ചില്ലകൾ പലതും ഉണങ്ങി നിൽക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു കൂറ്റൻ ചില്ല നിലംപതിച്ചു. രാത്രിയായതിനാൽ അപകടം ഒഴിവായി. കൂടാതെ ഡ്രൈവിംഗ് പരിശീലിക്കാൻ നിരവധി യുവതീയുവാക്കളും ഇവിടെ എത്താതാറുണ്ട് .മരം മുറിച്ച് നീക്കണമെങ്കിൽ ആർ.ഡി.ഒ.ഓഫീസിൽ നിന്നും ഉത്തരവ് കിട്ടണം. ഇതിനു സമീപത്ത് എക്സൈസ് ഓഫീസും വില്ലേജ് ഓഫീസും പ്രവർത്തിക്കുന്നുണ്ട്. പല ആവശ്യങ്ങൾക്കായി നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. തലനാരിഴക്കാണ് പലപ്പോഴും ഇവിടെ അപകടങ്ങൾ ഒഴിവായി പോകുന്നത്. നിരവധി വിദേശികളും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. സീസൺ തുടങ്ങിയതോടെ ഫോർട്ടുകൊച്ചിയിലേക്ക് വിദേശികളുടെ കുത്തൊഴുക്കാണ്. പുതുവർഷ തലേന്ന് പപ്പാഞ്ഞിയെ കത്തിക്കുന്നത് പരേഡ് മൈതാനിയിലാണ്. ഇതു വഴി വേണം പരേഡ് മൈതാനിയിലേക്ക് പോകേണ്ടത്. വെയിൽ ഏൽക്കാതിരിക്കാൻ കാർ, ബൈക്ക് എന്നിവ പാർക്ക് ചെയ്യുന്നത് ഈ മൈതാനിയിലാണ്. മരത്തിന്റെ ചില്ല ഒടിഞ്ഞു വീണ് ഒരു കാറിന്റെ ചില്ല് തകർന്നിരുന്നു. പുതുവത്സരാഘോഷത്തിനു മുൻപ് ഈ ഭാഗത്തെ ഉണങ്ങി നിൽക്കുന്ന മരത്തിന്റെ ചില്ലകൾ നീക്കം ചെയ്യാത്ത പക്ഷം വലിയൊരു അപകടത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുന്ന ഗതികേടിലാണ് നാട്ടുകാർ.
നിവേദനം നൽകിയെങ്കിലും പരിഹാരമായില്ല
റെസിഡൻസ് അസോസിയേഷൻ ഇടപെട്ട് ഉണങ്ങിയ മരം മുറിച്ച് നീക്കാൻ അധികാരികൾക്ക് നിവേദനം നൽകിയെങ്കിലും പരിഹാരമായില്ല. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി തുടങ്ങി പൈതൃകനഗരിയിൽ നിരവധി കൂറ്റൻ മരങ്ങളാണ് നിലംപതിക്കാറായി നിൽക്കുന്നത്. അപകടം ഉണ്ടാകുമ്പോൾ മാത്രമാണ് അധികാരികൾ ഉണർന്ന് പ്രവർത്തിക്കുന്നത്. ഫോർട്ടുകൊച്ചി വെളി, പരേഡ് മൈതാനം തുടങ്ങിയ സ്ഥല ങ്ങളിലെ ഉണങ്ങിയ കൂറ്റൻ മരങ്ങളും കാൽനടയാത്രക്കാർക്കും കായിക പ്രേമികൾക്കും പേടി സ്വപ്നമാണ്.