പള്ളുരുത്തി: ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപത്തെ ഒരേക്കർ തണ്ണീർത്തടം നികത്താൻ നടത്തിയ സംഭവത്തിൽ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകി. ഇതു സംബന്ധിച്ച് കേരള കൗമുദി കഴിഞ്ഞ ദിവസം വാർത്ത നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഭൂവുടമ ജെ.സി.ബി ഉപയോഗിച്ചാണ് നികത്തൽ ജോലികൾ നടത്തിയത്. ഇതിനിടയിൽ നാട്ടുകാർ എത്തി തടഞ്ഞിരുന്നു. എന്നാൽ ഭൂവുടമ രാഷ്ട്രീയ നേതൃത്വത്തിന്റെ പിൻബലത്തോടെ ഇന്നലെ വീണ്ടും നികത്തൽ ജോലികൾ നടത്തുന്നതിനിടയിലാണ് ഇടക്കൊച്ചി വില്ലേജോഫീസർ രാജേഷ് എത്തി സ്റ്റോപ്പ് മെമ്മോ നൽകിയത്. ഇതോടെ നികത്തൽ ജോലികൾ ഉപേക്ഷിച്ച് ഭൂവുടമ മടങ്ങി. കണ്ണങ്ങാട്ട് പാലം വന്നതോടെ ഈ ഭാഗത്ത് സ്ഥലത്തിന് വില കുതിച്ചുയർന്നു.ഇതോടെയാണ് ഈ ഭാഗത്തെ തണ്ണീർതടങ്ങളും മറ്റും വൻതോതിൽ നികത്തി സ്ഥലം മുറിച്ച് നൽകുന്ന ജോലികൾ റിയൽ എസ്റ്റേറ്റ് മാഫിയകൾ ഏറ്റെടുത്തത്. ഈ ഭാഗത്തെ നിരവധി കണ്ടൽക്കാടുകളും വൻതോതിൽ വെട്ടിനശിപ്പിച്ച സ്ഥിതിയാണ്. രാഷ്ട്രീയ ഇടപെടലാണ് പ്രശ്നം ഇത്ര വഷളാകാൻ കാരണം. ഡോ.അംബേദ്കർ റോഡിൽ ഏക്കറ് കണക്കിന് തണ്ണീർതടങ്ങൾ മാസങ്ങൾക്ക് മുൻപേ നികത്തിയിട്ടും അധികാരികൾ കണ്ട ഭാവം നടിച്ചില്ല.