കൊച്ചി : ഒരു കുടുംബത്തിന്റെ ആശയ്രവും പ്രതീക്ഷയുമായിരുന്ന യുവാവിന്റെ ദാരുണാന്ത്യത്തിന് കാരണമായ അപകടത്തിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടും ഉത്തരവാദിത്വം കൈയൊഴിഞ്ഞ് വകുപ്പുകൾ. വാട്ടർ അതോറിട്ടിയും പൊതുമരാമത്ത് വകുപ്പുമാണ് തലയൂരാൻ ശ്രമിക്കുന്നത്. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം ആരംഭിച്ചു. പൊലീസും മനുഷ്യവാകാശ കമ്മിഷനും കേസെടുത്തു.

ആലുവ എറണാകുളം റോഡിൽ പാലാരിവട്ടം മെട്രോ റെയിൽവെ സ്റ്റേഷന് സമീപത്ത് ഇന്നലെ രാവിലെ നടന്ന അപകടത്തിൽ നിന്ന് കൈകഴുകാനുള്ള ശ്രമങ്ങൾ സജീവം.

മജിസ്ട്രേറ്റ് അന്വേഷിക്കും

അപകടത്തെക്കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണം നടത്താൻ ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവിട്ടു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. ചന്ദ്രശേഖരൻനായർക്കാണ് അന്വേഷണ ചുമതല.
സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് റോഡ് വിഭാഗം, ജല അതോറിറ്റി എന്നിവയോട് കളക്ടർ ആവശ്യപ്പെട്ടു. പൈപ്പ് ലൈനിലെ ചോർച്ച പരിഹരിച്ച് അടിയന്തരമായി റോഡ് പൂർവ

ഇന്നലെ രാത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

വാട്ടർ അതോറിറ്റിപറയുന്നത്

അനുമതി കിട്ടിയില്ല

റോഡ് തങ്ങൾ കുഴിച്ചിട്ടില്ല.റോഡരികിൽ മണ്ണിനടിയിലുള്ള പൈപ്പിൽ പൊട്ടലുണ്ടായ വെള്ളം പുറത്തേയ്ക്ക് തള്ളിയാണ് കുഴി രൂപപ്പെട്ടത് .വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ പറഞ്ഞു.

പൈപ്പ് പൊട്ടിയത് ശ്രദ്ധയിൽപ്പെട്ടതോടെ റോഡ് കുഴിച്ച് ചോർച്ച അടയ്ക്കാൻ അനുമതി തേടി പൊതുമരാമത്ത് റോഡ് വിഭാഗത്തിന് അപേക്ഷ സമർപ്പിച്ചിരുന്നു. കഴിഞ്ഞ സെപ്തംബറിൽ നൽകിയ അപേക്ഷയിൽ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. അതിനാലാണ് ചോർച്ച നീക്കാൻ കഴിയാത്തത്. വാട്ടർ അതോറിറ്റി വൈറ്റില സബ് ഡിവിഷനാണ് അനുമതിക്ക് കത്തു നൽകിയത്.

പ്രീതി മോൾ, വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ

പൊതുമരാമത്ത് വകുപ്പിന്റെ മറുപടി

തകരാർ പരിഹരിക്കാൻ അനുമതി വേണ്ട

പൈപ്പ് പൊട്ടിയാൽ തകരാർ പരിഹരിക്കാൻ രേഖാമൂലം അനുമതി ആവശ്യമില്ല. വിവരം അറിയിച്ചശേഷം വാട്ടർ അതോറിറ്റിയ്ക്ക് നിർമ്മാണം നടത്താം

പൈപ്പുകളിൽ ചോർച്ചയുണ്ടായാൽ പൊതുമരാമത്ത് അധികൃതരെ അറിയിച്ച് അടിയന്തര പണി നടത്തുന്നതിന് തടസമില്ല. രേഖാമൂലം അനുമതി ആവശ്യപ്പെടാറില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ചുപറഞ്ഞാലും മതി. കഴിഞ്ഞയാഴ്ച കലൂരിൽ പൈപ്പ് പൊട്ടി ചോർച്ച വന്നപ്പോൾ വാട്ടർ അതോറിറ്റി അടിയന്തരമായി പണി നടത്തിയിരുന്നു. പുതിയ പൈപ്പുകൾ ഇടുന്നതിനും മറ്റുമാണ് അനുമതി ആവശ്യമുള്ളത്.

പാലാരിവട്ടത്ത് പണിയ്ക്ക് അനുമതി ചോദിച്ചതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. അനുമതി നൽകാത്തതിനെക്കുറിച്ച് അന്വേഷിക്കും.

സുരേഷ് കുമാർ, എക്സിക്യുട്ടീവ് എൻജിനീയർ

ആളിക്കത്തിയ ജനരോക്ഷം

യുവാവിന്റെ ജീവനെടുത്ത കുഴിയടയ്ക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കാത്ത് കടുത്ത പ്രതിഷേധത്തിന് കാരണമായി. നഗരസഭാ കൗൺസിലർ ഉൾപ്പെടെ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും കുഴിയടയ്ക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറായില്ലെന്ന് സമീപത്തെ വ്യാപാരികളും താമസക്കാരും പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സമീപത്തെ കുഴികൾ ബഹുഭൂരിപക്ഷവും അടച്ചെങ്കിലും അപകടം വിതച്ച ഭാഗത്തെ പൈപ്പ് ലൈനിലെ ചോർച്ച മാറ്റി കുഴിയടയ്ക്കാൻ അധികൃതർ തയ്യാറായില്ലെന്ന് നാട്ടുകാർ പറഞ്ഞു. അപകടകരമായ കുഴിയുണ്ടെന്ന് സൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിച്ചിരുന്നില്ല. മെട്രോ പണിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന ബോർഡ് സമീപവാസികൾ സ്ഥാപിച്ചതു മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്.

അപകടവിവരം അറിഞ്ഞ് ജനങ്ങളും വിവിധ സംഘടനകളും പ്രതിഷേധിച്ചു. തുടർന്ന് വൈകിട്ട് പൊലീസെത്തി കുഴിയിൽ കോൺക്രീറ്റ് കഷണങ്ങൾ വിരിച്ച് അടയ്ക്കാൻ ശ്രമിച്ചു. കുഴിയ്ക്കു ചുറ്റും മുന്നറിയിപ്പ് വലയവും സ്ഥാപിച്ചു.

# മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

പാലാരിവട്ടത്ത് യുവാവ് മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. യുവാവിന്റെ ദാരുണാന്ത്യത്തിലേയ്ക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് ജല അതോറിറ്റി മാനേജിംഗ് ഡയറക്ടറും കൊച്ചി സിറ്റി പൊലീസ് കമ്മിഷണറും അന്വേഷിച്ച് നാലാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ജനുവരി 14 ന് ആലുവയിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.