കോലഞ്ചേരി: വിലക്കയറ്റം സ്കൂളുകളിലെ ഉച്ച ഭക്ഷണ വിതരണത്തെയും പ്രതിസന്ധിയിലാക്കി. പണം മുടക്കേണ്ട പ്രധാനാദ്ധ്യാപകർ കടക്കെണിലായി. സ്‌കൂൾ തുറക്കുന്ന സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ നാലിരട്ടി വിലയാണ് ഭക്ഷ്യവസ്തുക്കൾക്ക് ഇപ്പോൾ. ഓരോ മാസവും അധിക തുക സ്വന്തം ശമ്പളത്തിൽ നിന്നു ചിലവാക്കുകയാണ് പ്രധാന അദ്ധ്യാപകർ. കുട്ടികൾ കുറവുള്ള സ്‌കൂളുകളിലും
ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളിലും പി.ടി.എ ഫണ്ടോ കാര്യമായ ഇടപെടലോ ഇല്ല.
കഴിഞ്ഞ മാസം വരെ ഭക്ഷണത്തിനു ചെലവായ തുക പ്രധാനാദ്ധ്യാപകരുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടില്ല. ഇതിനിടയിലാണ് നടുവൊടിക്കുന്ന വിലക്കയറ്റം.
• സ്കൂൾ മെനു
ആഴ്ചയിൽ രണ്ട് ദിവസമായി 300 മില്ലിലീറ്റർ പാൽ.
ഒരു ദിവസം ഒരു മുട്ട.
ചോറിനു പുറമേ സാമ്പാർ, തോരൻ, തീയൽ, സാലഡ്, പായസം, മുട്ടക്കറി, പച്ച മോര്, പുളിശേരി, പച്ചടി, കിച്ചടി, പപ്പടം, മെഴുക്ക് പുരട്ടി, ചമ്മന്തി, വൻപയർ.
സ്കൂൾ മുറ്റത്തും പരിസരത്തും കിട്ടുന്ന മറ്റ് ഇലക്കറികളുപയോഗിച്ചും ഭക്ഷണം ഉണ്ടാക്കണം.
• ചെലവിനങ്ങൾ
മുട്ട, വെളിച്ചെണ്ണ, തേങ്ങ, മുളക്, ഉപ്പ് അടക്കമുള്ള ചേരുവകൾ
പാചക വാതകം
മാവേലി സ്റ്റോറിൽ നിന്ന് അരി എത്തിക്കൽ
• തന്ത്രങ്ങൾ നിരവധി
• സ്‌കൂളിലെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്തെല്ലാം എന്തെങ്കിലും കൃഷി ചെയ്തു വിളവെടുത്ത് ഉച്ചഭക്ഷണം നൽകുന്ന അധ്യാപകരുമുണ്ട്.
• ആഴ്ചയിൽ ഒരിക്കൽ നൽകേണ്ട മുട്ട നൽകാതെ മുട്ടക്കറിയായി നൽകിയും ഒരു ചെലവു കുറയ്ക്കും
• 300 മില്ലി പാലിന് പകരം 200 നൽകി ബാക്കി പിറ്റേന്ന് മോരുകറിയാക്കും
ഒരു കുട്ടിക്കു സർക്കാർ ഭക്ഷണക്കണക്ക്
• 150 കുട്ടികൾ വരെയുള്ള വിദ്യാലയങ്ങൾക്ക് 8 രൂപ.
• 151 മുതൽ 500 കുട്ടികൾ വരെ 7 രൂപ
• 501 ന് മുകളിൽ കുട്ടികൾ 6 രൂപ
അദ്ധ്യാപകർ പറയുന്നത്
വിലക്കയറ്റം തുടർന്നാൽ ഭക്ഷണത്തിന്റെ നിലവാരത്തെ ബാധിക്കും. പയറും മറ്റു ധാന്യങ്ങളും മാവേലി സ്റ്റോർ വഴി സർക്കാർ നൽകണം. ഒരു കുട്ടിക്കുള്ള തുക ചുരുങ്ങിയത് 10 രൂപയെങ്കിലും ആക്കണം.