കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ കസ്‌റ്റംസ് മുൻ സൂപ്രണ്ട് ബി. രാധാകൃഷ്‌ണനെ വീണ്ടും അറസ്‌റ്റ് ചെയ്‌തു. സി.ബി.ഐ കൊച്ചി യൂണിറ്റിൽ ചോദ്യം ചെയ്യലിന് വിധേയനാകാൻ എത്തുന്നതിനിടെ ഡയറക്‌ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസിന്റെ (ഡി.ആർ.ഐ) നിർദ്ദേശപ്രകാരം എറണാകുളം നോർത്ത് പൊലീസാണ് കസ്‌റ്റഡിയിലെടുത്തത്. പിന്നീട് ഡി.ആർ.ഐക്ക് കൈമാറി.
സ്വർണക്കടത്ത് കേസിൽ രാധാകൃഷ്‌ണനെ നേരത്തെ ഡി.ആർ.ഐ അറസ്‌റ്റു ചെയ്തിരുന്നു. ഇതിൽ ജാമ്യമെടുത്ത് ജയിൽ മോചിതനായശേഷം ഡി.ആർ.ഐ കോഫേപോസ (കരുതൽ തടങ്കൽ) ചുമത്തിയിരുന്നു. ഒളിവിൽ പോയതിനാൽ അത് നടപ്പാക്കാനായില്ല. സ്വർണക്കടത്തിലെ അഴിമതി അന്വേഷിക്കുന്നത് സി.ബി.ഐയുമാണ്. അവരുടെ നോട്ടീസിൽ ചോദ്യം ചെയ്യലിനായി ഇന്നലെ രാവിലെ 11 മണിയോടെ എത്തിയപ്പോൾ സി.ബി.ഐ ഓഫീസിനു മുന്നിൽ നിന്നാണ് കസ്‌റ്റഡിയിലെടുത്തത്. രാത്രിയോടെ രാധാകൃഷ്‌ണനുമായി ഡി.ആർ.ഐ സംഘം പൂജപ്പുര സെൻട്രൽ ജയിലിലേയ്‌ക്ക് തിരിച്ചു.
ഈ കേസിൽ വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ പോഗ്രാം മാനേജർ ഉൾപ്പെടെയുള്ള പ്രതികളെ ഡി.ആർ.ഐ അറസ്‌റ്റു ചെയ്‌തിരുന്നു. പ്രതികൾക്ക് സ്വർണം സുരക്ഷിതമായി വിമാനത്താവളത്തിനു പുറത്തേക്ക് കടത്താൻ രാധാകൃഷ്‌ണനാണ് സഹായിച്ചിരുന്നതെന്നാണ് ഡി.ആർ.ഐ കണ്ടെത്തൽ.