കൊച്ചി: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ ഭർത്താവ് ചങ്ങനാശേരി ഇത്തിത്താനം കൊല്ലമറ്റം വീട്ടിൽ പ്രേംകുമാർ (40), കാമുകി തിരുവനന്തപുരം വെള്ളറട വാലൻവിള സുനിത ബേബി (39) എന്നിവരെ വിശദമായി ചോദ്യം ചെയ്യാൻ 12 ദിവസത്തേക്ക് പൊലീസ് കസ്‌റ്റഡിയിൽ വിട്ടു. തൃപ്പൂണിത്തുറ ജുഡിഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയുടേയാണ് ഉത്തരവ്.
പ്രതികളുമായുള്ള തെളിവെടുപ്പ് ഇന്ന് തുടങ്ങും. കൊല്ലപ്പെട്ട വിദ്യയും ഭർത്താവ് പ്രേംകുമാറും വാടകയ്‌ക്ക് താമസിച്ച ഉദയംപേരൂർ ആമേട ക്ഷേത്രത്തിന് സമീപമുള്ള തയ്യിൽ വീട്ടിൽ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. ഐ.ജിയുടെ അനുമതി ലഭിച്ച ശേഷം, കൊലപാതകം നടന്ന തിരുവനന്തപുരം പേയാടുള്ള വില്ല. മൃതദേഹം ഉപേക്ഷിച്ച തിരുനെൽവേലിയിലെ വഴിയോരം എന്നിവിടങ്ങളിലും തെളിവെടുപ്പിന് കൊണ്ടുപോകും.
അതേസമയം, മൃതദേഹം തിരുനെൽവേലിയിൽ ഉപേക്ഷിക്കാൻ പ്രതികളെ ഉപദേശിച്ച ഇവരുടെ സുഹൃത്തിനെക്കുറിച്ച് അന്വേഷണസംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചു. ഇയാൾ തിരുവനന്തപുരം സ്വദേശിയാണെന്നാണ് സൂചന. പ്രേംകുമാറിന്റെയും സുനിതയുടെയും സഹപാഠിയാണ്. സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമത്തിൽ ഇയാളും പങ്കെടുത്തിരുന്നു. മൃതദേഹം മറവുചെയ്യുന്നതിൽ ഇയാളുടെ പങ്കിനെക്കുറിച്ച് വ്യക്തമായ തെളിവ് ലഭിച്ച ശേഷമേ അറസ്‌റ്റ് തീരുമാനിക്കൂ. പ്രതികളെ ഉദയംപേരൂർ പൊലീസ് സ്‌റ്റേഷനിൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്.
മൃതദേഹം തള്ളാനായി തിരുനെൽവേലിയിലേക്ക് കൊണ്ടുപോയ പ്രേംകുമാറിന്റെ കാർ കണ്ടെത്താനായില്ല. സംഭവത്തിന് ശേഷം കാർ റെന്റ് എ കാർ ബിസിനസുകാരന് വിറ്റെന്നാണ് മൊഴി. കാറിൽ നിന്ന് നിർണായ ഫോറൻസിക് തെളിവുകൾ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.