കൊച്ചി: കൊച്ചി മെട്രോയുടെ പേട്ട മുതൽ എസ്.എൻ ജംഗ്ഷൻ വരെയുള്ള നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതിയെക്കുറിച്ച് ചർച്ച ചെയ്യാൻ വിവിധ പങ്കാളികളുടെ യോഗം ചേർന്നു. കെ.എം.ആർ.എൽ ഓഫീസിൽ നടന്ന യോഗത്തിൽ യൂട്ടിലിറ്റി ഷിഫ്ടിംഗ്, ജോലികളുടെ പുരോഗതി, വിവിധ പങ്കാളികൾ തമ്മിലുള്ള ഏകോപനവുമായി ബന്ധപ്പെട്ട മറ്റ് പ്രധാന കാര്യങ്ങൾ എന്നിവ ചർച്ച ചെയ്തു. മെട്രോ പദ്ധതിയിൽ ഗ്യാസ്, ജലം, ടെലികോം ലൈനുകൾ എന്നിവ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും യോഗം ചർച്ച ചെയ്തു. എല്ലാ പ്രവർത്തനങ്ങളുടെയും സുഗമമായ ഏകോപനം ഉറപ്പാക്കണമെന്ന് കെ.എം.ആർ.എൽ എം.ഡി അൽകേഷ് കുമാർ ശർമ ഉദ്യോഗസ്ഥരോട് അഭ്യർഥിച്ചു. ജോലികൾ നിർവഹിക്കുന്നതിൽ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒക്ടോബർ 16നാണ് നിർമാണ കരാർ കമ്പനിക്ക് കൈമാറിയത്. പ്രാരംഭ പൈലിംഗ് ജോലികളും ലോഡ് ടെസ്റ്റുകളുമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പനംകുട്ടി പാലത്തിനടുത്തുള്ള ജോലികളും പുരോഗമിക്കുന്നുണ്ട്. ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കാനാണ് കരാർ. എന്നാൽ സമയപരിധിക്ക് മുമ്പായി നിർമാണം പൂർത്തിയാകുമെന്നാണ് കെ.എം.ആർ.എൽ പ്രതീക്ഷിക്കുന്നത്. വിവിധ വകുപ്പുകളുടെയും പൊതുമേഖല കമ്പനികളുടെയും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.