കൊച്ചി: അഞ്ചാമത് അമൃത ഹാർട്ട് കോൺക്ലേവ് 14, 15 തീയതികളിൽ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ നടക്കും. കാർഡിയോ വാസ്‌കുലാർ ആൻഡ് തൊറാസിക് സർജറി വിഭാഗം സംഘടിപ്പിക്കുന്ന കോൺക്ലേവിന്റെ മുഖ്യവിഷയം എൻഡോസ്‌കോപ്പിക് മിത്രൽ വാൽവ് റിപ്പയർ എന്നതാണ്.

കാർഡിയോവാസ്‌കുലാർ ആൻഡ് തൊറാസിക് സർജറി വിഭാഗത്തിന്റെ വാർഷിക ഹൃദയ ശസ്ത്രക്രിയാ യോഗമായ കോൺക്ലേവിൽ ജർമ്മനിയിൽനിന്നുള്ള ലോകപ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനായ ഡോ. പാട്രിക് പെരീർ തന്റെ അനുഭവം വിവരിക്കും. ഇന്ത്യയിൽനിന്നും സമീപ രാജ്യങ്ങളിൽനിന്നുമായി നൂറിലധികം ശസ്ത്രക്രിയാ വിദഗ്ധർ കോൺക്ലേവിൽ പങ്കെടുക്കും. മിനിമലി ഇൻവേസീവ് മിത്രൽ വാൽവ് റിപ്പയറിലെ പുതിയ സാങ്കേതികവിദ്യകളും മികവുകളും പരിചയപ്പെടുത്തുന്നതിനാണ് ഈ കോൺക്ലേവ് ലക്ഷ്യമിടുന്നത്. സാധാരണയായി മിത്രൽ വാൽവിന്റെ ശസ്ത്രക്രിയ നെഞ്ചിൽ വലിയ മുറിവുണ്ടാക്കി ഓപ്പൺ രീതിയിലാണ് ചെയ്യുന്നത്. എന്നാൽ, പുതിയ സാങ്കേതികരീതി അനുസരിച്ച് ഹൃദയത്തിലെ മിത്രൽ വാൽവിന്റെ തകരാറുകൾ പരിഹരിക്കുന്നതിന് വലത് നെഞ്ചിലെ താക്കോൽദ്വാര ശസ്ത്രക്രിയ മതിയാവും. ചെറിയ മുറിവുണ്ടാക്കി ത്രീഡി കാമറ ഉപയോഗിച്ചാണ് ഈ ശസ്ത്രക്രിയ ചെയ്യുന്നത്.