കൊച്ചി: പാലാരിവട്ടത്ത് ബൈക്ക് യാത്രികനായ യുവാവ് കുഴിയിൽ വീണ് മരിച്ച സംഭവം ദൗർഭാഗ്യകരമാണന്നും ഒരാഴ്ച മുമ്പ് ഈ കുഴി സംബന്ധിച്ച് മെട്രോ അധികൃതരെ അറിയിച്ചിരുന്നെന്നും പി.ടി തോമസ് എം.എൽ.എ പറഞ്ഞു. ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് അടിയന്തരമായി കുഴി അടയ്ക്കാമെന്ന് മെട്രോ അധികൃതർ പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. ഇന്നുതന്നെ മെട്രോ, പി.ഡബ്ല്യു.ഡി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ച് ആവശ്യമായ നടപടികളെടുക്കും. മെട്രോ പണിയുന്ന കാലത്ത് റോഡ് പി.ഡബ്‌ളിയു.ഡി മെട്രോയ്ക്ക് വിട്ടു കൊടുത്തിരുന്നുവെന്നും അവർ തിരിച്ചു തന്നാൽ മാത്രമേ തങ്ങൾക്ക് പണി നടത്താനാകൂ എന്നുമാണ് അവരുടെ വാദം. എന്നാൽ തങ്ങൾ റോഡ് പി.ഡബ്ല്യു.ഡിക്ക് തിരിച്ചു നൽകിയെന്നാണ് മെട്രോ അധികൃതർ പറയുന്നതെന്നും പി.ടി.തോമസ് പറഞ്ഞു.