കൊച്ചി: ക്രിസ്മസിന് ഇനി പന്ത്രണ്ട് നാൾ മാത്രം. ഉണ്ണിയേശു ജനിച്ച നാൾ ആഘോഷമാക്കാനൊരുങ്ങുകയാണ് കൊച്ചി നഗരം. നക്ഷത്രങ്ങളും ക്രിസ്മസ് ട്രീയും തൊപ്പിയും പുൽക്കൂടുമൊക്കെയായി ബ്രോഡ്‌വേയിൽ ക്രിസ്മസ് കച്ചവടം പൊടിപൊടിക്കുകയാണ്. നക്ഷത്രങ്ങൾക്ക് മുതൽ പാപ്പാഞ്ഞിത്തൊപ്പിക്ക് വരെ ഹിറ്റ് സിനിമകളുടെ പേരുകളാണ് പതിവുപോലെ വിപണിയെ ആകർഷകമാക്കുന്നത്. ലൂസിഫറും പൊറിഞ്ചുമറിയം ജോസും തുടങ്ങി മാമാങ്കം നക്ഷത്രങ്ങൾ വരെയുണ്ട് വിപണിയിൽ. മഞ്ഞല്ല, മഴയിൽ കിടന്നാൽ പോലും നശിച്ചു പോകാത്ത നക്ഷത്രങ്ങളാണ് ഇത്തവണത്തെ ശരിക്കും താരം. നക്ഷത്രങ്ങൾക്കൊപ്പം അലങ്കാര വെളിച്ചങ്ങൾക്കും ആവശ്യക്കാരേറെയെത്തുന്നുണ്ട്.
ക്രിസ്റ്റൽ ലൈറ്റുകളാണ് ഇത്തവണത്തെ സ്പെഷ്യൽ. 90 രൂപയാണ് ഇതിന്റെ വില
സീരിയൽ ലൈറ്റുകൾക്ക് 80 രൂപ മുതൽ 450 രൂപ വരെയാണ് വില
ക്രിസ്മസ് ട്രീക്ക് വലിപ്പത്തിൽ വില
വീടകം അലങ്കരിക്കാൻ ഒരടി മുതലുള്ള ക്രിസ്മസ് ട്രീകളുണ്ട്. ഓരോ അടി നീളം കൂടുന്തോറും ക്രിസ്മസ് ട്രീകളുടെ വിലയും ഉയരും. 50 രൂപ മുതൽ 3000രൂപ വരെയാണ് വില. പേപ്പർ ബാളുകൾ, വിവിധ തരം ബലൂണുകൾ, പൈൻ ഇല കൊണ്ടുള്ള അലങ്കാര റീത്ത്, ക്രിസ്മസ് ബെൽ, കുഞ്ഞു ഗ്ളാസ് നക്ഷത്രങ്ങൾ എന്നിങ്ങനെ ക്രിസ്മസ് ട്രീ അലങ്കരിക്കാനുള്ളവ വേറെയും. നാട്ടിൽ മഞ്ഞില്ലെന്ന സങ്കടം മാറ്റാനായി സ്നോ രൂപങ്ങളും സ്നോ സ്റ്റിക്കും ഏഞ്ചൽ സ്റ്റിക്കും നിരന്നിരിപ്പുണ്ട്.
ഡ്രസിലും വറൈറ്റി
പുതുമയാർന്ന മെഴുകുതിരികളാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. ക്രിസ്മസ് ഇത്തവണ ഫാഷനബിൾ കൊതിക്കുന്ന പെൺകുട്ടികൾക്കും വറൈറ്റികൾ ഒരുപാട് നൽകുന്നുണ്ട് വിപണി. വെള്ളയും ചുവപ്പും നിറങ്ങളിൽ വ്യത്യസ്ത ഡിസൈൻ വസ്ത്രങ്ങൾക്കാണ് കൂടുതൽ ആവശ്യക്കാർ എത്തുന്നത്. ഹെയർ ബാൻഡുകളും ട്രെൻഡായി മാറി. തൊപ്പികളിൽ 'അമ്പിളി'യ്ക്കാണ് ഡിമാൻഡ് കൂടുതൽ. പൊറിഞ്ചുമറിയം തൊപ്പിയിലാണ് വറൈറ്റി. കുട്ടികൾക്കായി കൗതുകമുണർത്തുന്ന കണ്ണടകൾ മുതൽ ക്രിസ്മസ് അപ്പൂപ്പന്റെ തലയുള്ള പെൻസിൽ വരെ വിപണിയിലുണ്ട്.
രുചിയിലും പുതുമ
ക്രിസ്മസിന് രുചിയേറ്റുന്ന കേക്കുകളിലുമുണ്ട് വ്യത്യസ്തത. പാഷൻ ഫ്രൂട്ടിന്റെ രുചിയാണ് ഈ ക്രിസ്മസിന് പുതുമയേകുന്നത്. ക്യാരറ്റ്, ബനാന, പൈനാപ്പിൾ, ചക്കപ്പഴം, ബീറ്റ്റൂട്ട്, ഗീ കേക്ക് എന്നിങ്ങനെ പല രുചികളിൽ കേക്കുകൾ ബേക്കറികളിലെത്തി തുടങ്ങി. പതിവ് പോലെ പ്ളം കേക്കിനാണ് ആവശ്യക്കാർ. അതിൽ റിച്ച് പ്ളം, പ്ളം സുപ്രീം ടിൻ, ഐറിഷ് പ്ളം തുടങ്ങി ക്രീം കേക്കുകളിലെ ചോക്ളേറ്റ്, റെഡ് വെൽവെറ്റ്, പ്രലൈൻ, ബട്ടർ സ്കോച്ച്, ജർമ്മൻ ഫോറസ്റ്റ് എന്നിങ്ങനെ രുചിഭേദങ്ങൾ നീളുന്നു. 150 രൂപ മുതൽ 1500 രൂപ വരെയാണ് കേക്കുകളുടെ വില.