ഫെബ്രുവരി 21ന് ഭാരവണ്ടികൾ കയറ്റും

ജനുവരി ഒന്നിന് ജനകീയ കൺവെൻഷൻ

ഏഴിന് മുഖ്യമന്ത്രിക്ക് ഭീമഹർജി നൽകും

ഭാരപരിശോധന ഫെബ്രുവരി 21നകം വേണം

സർക്കാർ നീക്കം ദുരൂഹമെന്ന് എം.എൽ.എ


കൊച്ചി: പാലാരിവട്ടം ഫ്ളൈഓവറിൽ ഫെബ്രുവരി 21ന് ഭാരവണ്ടികൾ കയറ്റി ഉറപ്പ് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് കേരളാ സർക്കാർ കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ. സർക്കാർ തടഞ്ഞാൽ അന്ന് മുതൽ തുറന്നു കൊടുക്കുന്നതു വരെ ഫ്ളൈ ഓവറിൽ നിരാഹാര സമരം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഭാരശേഷി പരിശോധന നടത്തി മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന നവംബർ 21 ലെ ഹൈക്കോടതി ഉത്തരവ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്ന സാഹചര്യത്തിലാണ് സമരം.

ജനുവരി ഒന്നിന് കൊച്ചിയിൽ ജനകീയ കൺവെൻഷൻ നടത്തും. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ജനുവരി ഏഴിന് ഭീമഹർജി നൽകും. സർക്കാർ നിർദ്ദേശപ്രകാരം മൂന്നു കോടി രൂപ മുടക്കി തിരുത്തൽ നടപടികൾ കരാറുകാരൻ ചെയ്തിട്ടുണ്ട്.

ഭാരപരിശോധനയിൽ പാലം ബലിഷ്ഠമാണെന്ന് ബോദ്ധ്യപ്പെട്ടാൽ ഗതാഗതം പുനരാരംഭിക്കാം.
സംസ്ഥാനത്തെ കരാറുകാർക്ക് 3,500 കോടിയുടെ കുടിശികയാണ് സർക്കാർ നൽകാനുണ്ട്. ഗണ്യമായ ഒരു വിഹിതമെങ്കിലും വിതരണം ചെയ്തില്ലെങ്കിൽ ജനുവരിയിൽ നിർമ്മാണമേഖല സ്തംഭിപ്പിക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി, ജില്ലാ പ്രസിഡന്റ് ബിനു മാത്യു, വാട്ടർ അതോറിട്ടി കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ സെക്രട്ടറി എം.ആർ. സത്യൻ എന്നിവർ പങ്കെടുത്തു.

ഭാരവണ്ടികൾ കൊണ്ട് പാലം നിറയ്ക്കും

ഏറ്റവും കൂടുതൽ ഭാരം കയറ്റാവുന്ന വാഹനങ്ങൾ നിറഭാരവുമായി പാലത്തിൽ കയറ്റും. ഭാരപരിശോധന പരാജയപ്പെട്ടാൽ നിയമാനുസൃതം നഷ്ടങ്ങൾ ഏറ്റെടുക്കാനും കരാറുകാരൻ തയ്യാറാണ്. ചെന്നൈ ഐ.ഐ.ടിയുടെ മേൽനോട്ടത്തിലാണ് പണികൾ ചെയ്യിച്ചത്. ഐ.ഐ.ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യപ്പെട്ട മൂന്നു കാര്യങ്ങളും കരാറുകാരൻ പൂർത്തിയാക്കി. ഭാരപരിശോധന തടയാനാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനെതിരെ നിയമനടപടികൾ സ്വീകരിക്കും. രാഷ്ട്രീയ താല്പര്യത്തിനാണ് പരിശോധന നീട്ടുന്നതും പ്രശ്‌നം വഷളാക്കുന്നതും.

എന്ത് കൊണ്ടാണ് കോടതി ഉത്തരവിനെ സർക്കാർ ഭയപ്പെടുന്നത്

ഫ്ളൈഓവറിൽ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെ സർക്കാർ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് സർക്കാർ വ്യക്തമാക്കണം. പൊളിക്കാൻ തീരുമാനിച്ച പാലത്തിന്റെ ഭാരപരിശോധന നടത്താൻ തടസം നിൽക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണം. കരാറുകാരന്റെ ചെലവിൽ പരിശോധന നടത്താനാണ് ഉത്തരവ്. ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നാണ് പൊതുമരാമത്ത് മന്ത്രി പറയുന്നത്.

പാലത്തിന് ബലക്ഷയമുണ്ടെങ്കിൽ സമ്മതിക്കാൻ സർക്കാർ തയ്യാറാകണം. പൊളിക്കണമെങ്കിൽ അതിന് തയ്യാറാകണം. പാലം മൂലം യാത്രാദുരിതം തുടരുകയാണ്. പുകമറ സൃഷ്ടിക്കാതെ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം.

പി.ടി. തോമസ് , സ്ഥലം എം.എൽ.എ