shane-nigam

കൊച്ചി: ''വെയിൽ എന്റെ സ്വപ്‌നമാണ്. ഷെയ്ൻ നിഗം എന്ന നടൻ പൂർണത നൽകിയ കഥാപാത്രമാണ് വെയിലിലെ സിദ്ധാർത്ഥ്. ഷെയിനില്ലാതെ വെയിലെന്ന സിനിമയില്ല. വെയിലിനെക്കുറിച്ച് ഷെയ്ൻ ഇല്ലാതെ എനിക്ക് ചിന്തിക്കാനുമാകില്ല. എന്റെ സിനിമയോടും കഥാപാത്രത്തോടും നൂറു ശതമാനം നീതി പുലർത്തുന്ന ആളാണ് ഷെയ്ൻ. അതുകൊണ്ടു തന്നെ പ്രശ്‌നങ്ങൾ തീർന്ന് വെയിൽ തിയേറ്ററിലെത്തുന്ന ദിവസത്തിനാണ് കാത്തിരിക്കുന്നത്..." 'വെയിൽ' സ്വപ്നം കണ്ടുണരുകയും ഉറങ്ങുകയും ചെയ്യുന്ന സംവിധായകൻ ശരത്ത് തന്റെ സിനിമയെയും വിവാദങ്ങളെയും കുറിച്ച് സംസാരിക്കുന്നു...

 70 ശതമാനം പൂ‌‌ർത്തിയായി
ആറുവർഷം സിനിമയുമായി നടന്നവനാണ് ഞാൻ. ഇപ്പോൾ 70 ശതമാനം സിനിമ പൂ‌‌ർത്തിയായി. എന്റെ ഉള്ളിലെ വെയിലിന് വെളിച്ചം കിട്ടണമെങ്കിൽ നിലവിലുള്ള വിവാദങ്ങൾ കെട്ടടങ്ങണം. ഫെഫ്കയും അമ്മയുമായി വിഷയം സംസാരിച്ച് രമ്യതയിലെത്തുന്ന ഘട്ടത്തിലായിരുന്നു ഷെയിന്റെ വിവാദ പരാമർശം. അതുകൊണ്ടു തന്നെ തുടർ നടപടികൾക്കായി കാത്തിരിക്കുക മാത്രമാണ് ഏക ആശ്രയം. സിനിമാ സംഘടനകളിൽ നിന്ന് അനുകൂലമായൊരു തീരുമാനമുണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.

 എന്റെ കഥാപാത്രത്തിന് ഷെയ്ൻ പൂർണത നൽകി

ഷെയ്‌നിനോട് എനിക്ക് ആത്മബന്ധമുണ്ട്. സിനിമയുടെ കഥ പറയുന്നതു മുതൽ എന്റെ കഥാപാത്രത്തെ പൂർണതയോടെ ഷെയിനിൽ കാണുകയായിരുന്നു. ഷെയ്ൻ എന്റെ കഥാപാത്രമായി മാറുന്ന കാഴ്ചയാണ് വെയിലിന്റെ ഷൂട്ടിംഗിനിടെ കണ്ടത്. പിന്നീടുണ്ടായ പ്രശ്‌നങ്ങളാണ് മറ്റു വിവാദങ്ങളിലേക്ക് നീങ്ങിയത്. പ്രശ്‌നങ്ങൾ രമ്യമായി പരിഹാരം കാണാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാൽ നിലവിൽ ചർച്ചകളിൽ നിന്ന് മാറി നിൽക്കുകയാണ് സംഘടനകൾ. വെയിലിനുശേഷം അടുത്ത സിനിമ ചെയ്യുമെന്നും അതിൽ വില്ലനായി ഷെയ്ൻ വേണമെന്നും ആഗ്രഹിച്ച ആളാണ് ഞാൻ. പലപ്പോഴായി അതു ഷെയ്‌നോട് പറഞ്ഞിട്ടുമുണ്ട്.

 സിനിമയ്ക്ക് പുതുജീവൻ വയ്ക്കും

സിനിമ നിന്നുപോയി എന്നത് സഹിക്കാൻ കഴിയില്ല. സിനിമാക്കാരുടെ കഴിഞ്ഞ എക്‌സിക്യൂട്ടീവ് യോഗത്തിനുശേഷം സിനിമ ഇനിയില്ലെന്ന് നിർമ്മാതാവ് വിളിച്ചു പറയുമ്പോൾ കണ്ണിൽ ഇരുട്ടുകയറുകയായിരുന്നു. എന്നാൽ ഇപ്പോൾ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ട്.

 വിവാദം ഉത്തരവാദിത്തം നൽകുന്നു

വെയിൽ സിനിമയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങൾ സിനിമയെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷ ഉയർത്തുന്നുണ്ട്. വിവാദങ്ങൾക്ക് മുമ്പ് വെയിൽ ഒരു നവാഗത സംവിധായകന്റെ സിനിമ മാത്രമായിരുന്നു. എന്നാൽ ഇന്ന് സിനിമയിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന നിലയിലേക്ക് മാറ്റം വരുത്തേണ്ടി വരുന്നു. കൂടുതൽ ഉത്തരവാദിത്തം നൽകുന്ന പോലെയാണ് തോന്നുന്നത്.

 18 ദിവസത്തെ ഷൂട്ടിംഗ് ബാക്കി
വെയിൽ സിനിമ പൂർത്തിയാകണമെങ്കിൽ നിലവിൽ 15 മുതൽ 18 ദിവസത്തെ ഷൂട്ടിംഗ് വേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട് ഫെഫ്കയിൽ ചർച്ച നടത്തിയിരുന്നു. ഷെയ്‌ന്റെ മുടി മുറിച്ചതു മുതലുള്ള ഭാഗം വീണ്ടും സിനിമയ്ക്കായി തിരുത്തിയെഴുതിയിട്ടുണ്ട്. വിവാദങ്ങൾക്ക് അപ്പുറം കഥാപാത്രവും അതിന്റെ പൂർണതയും മാത്രമാണ് ഇപ്പോൾ ഉള്ളത്.

 പക്വതയോടെ ഇടപെടണമായിരുന്നു

വിവാദങ്ങളെ കുറച്ചുകൂടി പക്വതയോടെ ഇടപ്പെട്ടിരുന്നെങ്കിൽ പ്രശ്‌നങ്ങൾ ഒഴിവാക്കാമായിരുന്നു. സിനിമയെന്നത് ഒരുപാടു പേരുടെ ഉപജീവനമാർഗമാണ്. അതുകൊണ്ടു തന്നെ അത് നൽകുന്ന ഉത്തരവാദിത്തം കൂടുതലാണ്. ജോലിയോടുള്ള കമിറ്റ്‌മെന്റും വാക്കുകളും പാലിക്കപ്പെടണമെന്നാണ് ഞാൻ കരുതുന്നത്.