കൊച്ചി: നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിത വിലക്കയറ്റം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരള കേറ്ററേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെയും എറണാകുളം ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ തിങ്കളാഴ്ച (ഡിസംബർ 16ന്) രാപ്പകൽ പ്രതിഷേധജ്വാല നടത്തും. മറൈൻഡ്രൈവിൽ എ.കെ.സി.എ അംഗങ്ങൾ അണിനിരക്കുന്ന പ്രതിഷേധജ്വാലയെ വിവിധ രാഷ്ട്രീയ, സാമൂഹ്യ സംഘടകളുടെ നേതാക്കൾ അഭിസംബോധന ചെയ്യുമെന്ന് എ.കെ.സി.എ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2ന് ആരംഭിക്കുന്ന പ്രതിഷേധ പരിപാടി രാത്രി വൈകിയും തുടരും. കേന്ദ്രസംസ്ഥാന സർക്കാരുകൾ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും കേറ്ററിംഗ് വ്യവസായത്തെ സംരക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എ.കെ.സി.എ ഭാരവാഹികൾ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങാൻ അസോസിയേഷൻ നിർബന്ധിതമാകുമെന്നും അവർ പറഞ്ഞു. എ.കെ.സി.എ സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ്, എറണാകുളം ജില്ലാ പ്രസിഡന്റ് വി.കെ. വർഗീസ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ജിബി പീറ്റർ, സംസ്ഥാന വർക്കിംഗ് സെക്രട്ടറി റോബിൻ കെ. പോൾ, ജില്ലാ സെക്രട്ടറി ഫ്രെഡി അൽമേഡ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.