കോലഞ്ചേരി: വീണ്ടുമൊരപകടത്തിന് വഴിയൊരുക്കി കോലഞ്ചേരി - പുളിച്ചോട്ടി കുരിശ് റോഡിൽ പൈപ്പ് പൊട്ടി വൻ ഗർത്തം. റോഡിനടിയിലൂടെ പോകുന്ന കുടിവെളള പൈപ്പാണ് പൊട്ടിയത്. കഴിഞ്ഞ ദിവസമാണ് പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം പൈപ്പ് പൊട്ടിയ കുഴിയിൽ വീണ് യുവാവ് മരിച്ചത്. കോലംപിളളി മുഗൾ കോളനിയിലേക്കും സമീപ പ്രദേശങ്ങളിലേക്കും പോകുന്ന കുടിവെള്ള വിതരണ പൈപ്പാണ് പൊട്ടിയത്. മാസങ്ങൾക്ക് മുമ്പ് 4 കോടി രൂപ ചിലവഴിച്ച് ബി.എം.ബി.സി. നിലവാരത്തിൽ നിർമ്മാണം നടത്തിയ റോഡാണിത്. പുളിഞ്ചോട്ടി കുരിശ് ജംഗ്ഷന് സമീപം റോഡിന് കുറുകെ പോകുന്ന പെരിയാർവാലി കനാലിന് സമീപമാണ് പൈപ്പ് പൊട്ടി ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. നൂറ് കണക്കിന് വാഹനങ്ങൾ ചീറിപ്പായുന്ന റോഡിൽ ഏത് നിമിഷവും ഒരപകടം മുന്നിലുണ്ട്.എൻ.എച്ച് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ അനുമതി കിട്ടിയാൽ മാത്രമാണ് പൈപ്പ് പൊട്ടിയത് പരിഹരിക്കാൻ കഴിയൂ എന്ന് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ പറയുമ്പോഴും ഇത് സംബന്ധിച്ചുള്ള യാതൊരു വിവരവും കൈമാറിയിട്ടില്ലെന്നാണ് ദേശീയപാത എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചത്. വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ശീതസമരത്തിൽ ബലിയാടാകേണ്ടത് സാധാരണക്കാരനാണ്.
വാട്ടർ അതോറിട്ടി തിരിഞ്ഞ് നോക്കിയില്ല
നിലവാരമില്ലാത്ത പൈപ്പുകൾ മാറ്റാത്ത വാട്ടർ അതോറിട്ടിയുടെ അനാസ്ഥ മൂലമാണ് റോഡ് തകർന്നത്. വാട്ടർ അതോറിട്ടിയുടെ ടോൾ ഫ്രീ നമ്പറിൽ പരാതി അറിയിച്ചിട്ടും നടപടിയായില്ല.ഇവിടെ പരാതി നല്കി മൂന്ന് ദിവസം കഴിഞ്ഞിട്ടും വാട്ടർ അതോറിട്ടി തിരിഞ്ഞ് നോക്കിയിട്ടില്ല.