sarma
മുനമ്പം ഹാർബറിലെ തർക്കങ്ങൾ പരിഹരിക്കുന്നതിന് എസ്. ശർമ്മ എം.എൽ.എ. വിളിച്ചു ചേർത്ത ഫിഷറീസ് ഉദ്യോഗസ്ഥരുടെയും വിവിധ സംഘടനാ നേതാക്കളുടെയും യോഗം.

വൈപ്പിൻ: മുനമ്പം ഹാർബറിലേക്ക് വരുന്ന ബോട്ടുകൾ ഫിഷറീസ് ഉദ്യോഗസ്ഥർ പരിശോധിച്ച് പിഴയീടാക്കുന്നത് സംബന്ധിച്ച തർക്കങ്ങൾക്ക് പരിഹാരമായി. മുനമ്പം ഫിഷിംഗ് ഹാർബറിൽ ഫിഷറീസ് ഉദ്യോഗസ്ഥരുടെ പരിശോധന സുതാര്യവും പരാതിരഹിതവുമായി നടപ്പാക്കുന്നതിന് ധാരണയായി. മുനമ്പം ഹാർബർ കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എസ്. ശർമ്മ എംഎൽഎ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനമായത്. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനാ ഭാരവാഹികളും യോഗത്തിൽ സംബന്ധിച്ചു. യാതൊരു കാരണവശാലും ചെറുമത്സ്യങ്ങൾ പിടിക്കരുതെന്ന കാര്യത്തിൽ ധാരണയായി. ഏതെങ്കിലും ബോട്ടുകൾ പരിശോധിക്കണമെങ്കിൽ മഹസർ തയ്യാറാക്കുന്നതുവരെയുള്ള നടപടിക്രമങ്ങൾ ബോട്ടുപരിശോധിക്കുന്ന സ്ഥലത്തുവച്ചുതന്നെ നടപ്പാക്കണമെന്ന ആവശ്യം യോഗം അംഗീകരിച്ചു. ഫിഷറീസ് വകുപ്പും മുനമ്പം മത്സ്യമേഖലയും തമ്മിലുള്ള സൗഹാർദ്ദപരമായ അന്തരീക്ഷം നിലനിർത്തണമെന്നും അനേകായിരങ്ങളുടെ നിലനിൽപ്പിന്റെ പ്രശ്‌നമായിക്കണ്ടുകൊണ്ട് നിലപാടുകൾ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. യോഗത്തിൽ ഫിഷറീസ് വകുപ്പ് അസി. ഡയറക്ടർ ജോയ്‌സ്, കോസ്റ്റൽ പൊലീസ് സബ് ഇൻസ്‌പെക്ടർ,വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് എ.എസ്. അരുണ ,എം.ജെ. ടോമി, എ.കെ. ഉല്ലാസ്, എ.കെ. ഗിരീഷ്, പി.പി. ഗിരീഷ്, എ.ബി. സോജൻ, ദിബിൻഘോഷ്കെ.ഡി, സനീഷ് ആണ്ടവൻ, സുധാസ് തായാട്ട്, പി.ബി. സാംബശിവൻ, എ.ആർ. ബിജു, പി.ആർ. വിൻസി, സി.സി. പ്രസന്നൻ, അൻവർ, രതീഷ് പുത്തൻപുരക്കൽ, പി.എസ്. ഷൈൻകുമാർ എന്നിവർ പങ്കെടുത്തു.