വൈപ്പിൻ: വൈപ്പിൻ മേഖലയുടെ തെക്കൻ പ്രദേശങ്ങളിൽ വീണ്ടും കുടിവെള്ളക്ഷാമം രൂക്ഷമായി. പമ്പിംഗ് കേന്ദ്രങ്ങളിലെ തകരാറുകൾ, ജലവിതരണ പൈപ്പുകളുടെ പൊട്ടൽ, വൈദ്യുതിമുടക്കം. ജല സംഭരണികളുടെ അപര്യാപ്തത, നിർമ്മാണത്തിലിരിക്കുന്ന ജലസംഭരണികളോടുള്ള അവഗണന.... കുടിവെള്ളക്ഷാമത്തിനിടയാക്കുന്ന സാഹചര്യങ്ങൾ നിരവധിയാണ്. കുടിവെള്ളക്ഷാമത്തിനെതിരെ ചെറിയ സമരങ്ങളൊക്കെ നടക്കുന്നുണ്ടെങ്കിലും അധികൃതർ പരിഗണിക്കുന്നേയില്ല.
# കാലിക്കുടം ഉടച്ച് പ്രതിഷേധസമരം

ഏഴ് വർഷങ്ങളമായിട്ടും പണി തീരാത്ത ശുദ്ധജല സംഭരണികളാണ് ഞാറക്കലും മുരിക്കുംപാടത്തുമുള്ളത്. സംഭരണികളുടെ പണി ഉടൻ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗോശ്രീ മനുഷ്യാവകാശ സംരണ സമിതിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ജല അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയറുടെ ഓഫീസിന് മുന്നിൽ വരുന്ന ബുധനാഴ്ച കാലിക്കുടം ഉടച്ച് പ്രതിഷേധ സമരം നടത്തും. സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്യും. വിക്ടർ മരക്കാശേരി അദ്ധ്യക്ഷത വഹിക്കും. ജോണി വൈപ്പിൻ, ജോസഫ് നരികുളം, ഫ്രാൻസീസ് അറയ്ക്കൽ തുടങ്ങിയവർ പ്രസംഗിക്കും.
# ജലസംഭരണികൾ എന്ന് യാഥാർത്ഥ്യമാകും

കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം ലഭിക്കുന്നതിനായി ജിഡയുടെ ഫണ്ട് ഉപയോഗിച്ച് പത്ത് കോടിയോളം രൂപ ചിലവഴിച്ച് ഞാറയ്ക്കലും മുരിക്കുംപാടത്തും നിർമ്മിക്കുന്ന ജലസംഭരണികളുടെ പണി നിർത്തി കോൺട്രാക്ടർ സ്ഥലം വിട്ടിട്ട് രണ്ടര വർഷത്തോളമായി.
ഞാറയ്ക്കൽ ടാങ്കിന്റെ പണി തുടങ്ങിയിട്ട് ഏഴരവർഷം കഴിഞ്ഞു. ഇനി ഒരു നിലയും കൂടി കഴിഞ്ഞാൽ ടാങ്ക് കോൺക്രീറ്റ് ചെയ്ത് സംഭരണിയുടെ പണി പൂർത്തീകരിക്കാം. മുരിക്കുംപാടത്തെടാങ്ക് പണിയും ഒരു നില കഴിഞ്ഞപ്പോൾ പണി നിർത്തിവച്ചിരിക്കുകയാണ്. തുടർ നടപടി സ്വീകരിക്കേണ്ടവർ ഉറക്കത്തിലാണ്.
# ടാങ്കർ ലോറിയിൽ നാട്ടുകാരുടെ ജലവിതരണം

കുടിവെള്ളക്ഷാമം നേരിടുന്ന എടവനക്കാട് പഞ്ചായത്തിലെ പ്രദേശങ്ങളിൽ രണ്ടാഴ്ചയിലേറെയായി ടാങ്കർ ലോറിയിൽ കുടിവെള്ളമെത്തിച്ച് വിതരണം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.എസ്. സോളിരാജിന്റെ നേതൃത്വത്തിലാണ് കുടിവെള്ള വിതരണം നടത്തിയത്. പ്രശ്‌നത്തിന് പരിഹാരം ഇനിയും ഉണ്ടാകാത്തപക്ഷം കക്ഷിരാഷ്ട്രീയത്തിനതീതമായി ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ്.
# ക്ഷാമത്തിനിടയിലും ശുദ്ധജലം പാഴാകുന്നു

കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും പൈപ്പ് പൊട്ടി ശുദ്ധജലം പാഴായി റോഡുകളിലും തോടുകളിലും ഒഴുകുന്നത് തടയാൻ ജല അതോറിറ്റി നടപടികയൊന്നും സ്വീകരിക്കുന്നില്ല. ഞാറക്കൽ ആറാട്ടുവഴി റോഡിൽ പൈപ്പ് പൊട്ടി തൊട്ടടുത്ത കാനയിലേക്കും റോഡിലേക്കും ശുദ്ധജലം ഒഴുകാൻ തുടങ്ങിയിട്ട് നാളുകളായി. അധികൃതർക്ക് പരാതി നൽകിയിട്ടും ഫലമില്ല. പൈപ്പുകൾ പൊട്ടുമ്പോൾ വെള്ളം പാഴാകുന്നതു മാത്രമല്ല മാലിന്യങ്ങൾ പൊട്ടിപ്പൊളിഞ്ഞ പൈപ്പിലൂടെ കയറി വരുന്നത് ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.