കൊച്ചി : കൊച്ചിയിലെ കുഴിയിൽ വീണ് യദുലാൽ (23) മരിച്ച സംഭവത്തിൽ ഹെെക്കോടതി സർക്കാരിനെയും ഉദ്യോഗസ്ഥരെയും രൂക്ഷമായി കുറ്റപ്പെടുത്തിക്കൊണ്ട് മരണമടഞ്ഞ ആ ചെറുപ്പക്കാരന്റെ മാതാപിതാക്കളോട് മാപ്പ് പറഞ്ഞു. കുത്തനെ കൂട്ടിയ ട്രാഫിക് പിഴ പിരിക്കാൻ അതീവ ശുഷ്ക്കാന്തി കാണിക്കുന്ന സർക്കാർ റോഡിലെ മരണക്കുഴികളോട് പുലർത്തുന്ന നിസ്സംഗതയിലേക്ക് വിരൽ ചൂണ്ടുന്നതായി ഹെെക്കോടതിയുടെ വാക്കുകൾ.
ഹൈക്കോടതി വാക്കാൽ പറഞ്ഞത് ഇങ്ങനെ: '' നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാനുള്ള ഉത്തരവ് കൃത്യമായി പാലിച്ചിരുന്നെങ്കിൽ യുവാവിന്റെ മരണം ഉണ്ടാകുമായിരുന്നില്ല. എന്റെ മക്കളേക്കാൾ ചെറിയ പ്രായത്തിലുള്ളയാളാണ് മരിച്ചത്. യദുലാലിന്റെ മാതാപിതാക്കളോടു മാപ്പു ചോദിക്കുന്നു. റോഡിലെ കുഴിയടക്കാൻ നിരന്തരം പറഞ്ഞിട്ടും ഇത്തരം സംഭവമുണ്ടായത് സങ്കടകരമാണ്. നമ്മൾ തോറ്റുപോയി. നാണിച്ചു തല താഴ്‌ത്തുന്നു.''
ഉദ്യോഗസ്ഥരെ വിശ്വസിക്കാനാവില്ല
റോഡുകളിലെ കുഴിയിൽ വീണ് ഇനിയൊരു മരണം ഉണ്ടാകരുതെന്നും റോഡിലെ കുഴിയിൽ വീണ് മരണമുണ്ടായാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും ഹൈക്കോടതിയുടെ മുന്നറിയിപ്പ് നൽകി.
ഉദ്യോഗസ്ഥർക്ക് ആത്മാർത്ഥതയും അർപ്പണ ബോധവും ഇല്ലാത്തതാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണം. ഇനി ഉദ്യോഗസ്ഥരെ വിശ്വസിക്കാനാവില്ല. കോടതി നേരിട്ടു നടപടികൾ സ്വീകരിക്കാം. പാലാരിവട്ടത്ത് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം ഒരർത്ഥത്തിൽ കൊലപാതകമാണ്. - ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.
കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സബർബൻ ട്രാവൽസ് ഉടമ സി.പി. അജിത് കുമാർ ഉൾപ്പെടെ നൽകിയ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിൽ.
. ഹർജി ഇനി ഡിസംബർ 20 ന് പരിഗണിക്കും. .
സംവിധാനത്തിന്റെ പരാജയം,
നിലവിലെ സംവിധാനത്തിന്റെ പരാജയമാണ് ദുരന്തത്തിന് കാരണമെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.ആരാണിതിന്റെ ഉത്തരവാദിയെന്ന് പറയണം. പ്രോട്ടോകോൾ അനുസരിച്ചേ കുഴി മൂടാനാവൂ എന്നായിരുന്നു ഇന്നലെ വരെ നിലപാട്. ഒരാൾ മരിച്ചതോടെ കുഴി ഉടൻ മൂടി.
ഈ മരണം ഒരിക്കലും മറക്കാൻ കഴിയില്ല. റോഡുകളിലെ എല്ലാ കുഴികളും മരണക്കുഴികളാണ്. ലോകത്തെവിടെയും ഇത്തരം റോഡുകളില്ല. റോഡിന്റെ ചുമതലയുള്ളവർ എ.സി മുറികളിലല്ല, റോഡിലാണ് ഉണ്ടാവേണ്ടത്. ഉദ്യോഗസ്ഥരുടെ വാദങ്ങൾ പാടേ വിശ്വസിക്കാനാവില്ല. ഇവരിലുള്ള വിശ്വാസം നഷ്ടമായെന്നും കോടതി നിരീക്ഷിച്ചു.
10 ലക്ഷം നൽകും
പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അഡ്വ.ജനറൽ കോടതിയെ അറിയിച്ചു.