കൊച്ചി: കൊല്ലപ്പെട്ട വിദ്യ വാടകയ്‌ക്ക് കഴിഞ്ഞിരുന്ന ഉദയംപേരൂർ ആമേടയിലെ വീട്ടിൽ ഭർത്താവ് പ്രേംകുമാറും
കാമുകി സുനിത ബേബിയും രണ്ടു ദിവസം താമസിച്ചിരുന്നതായി വ്യക്തമായി. മകളുടെ വിവാഹത്തിന് കഴിഞ്ഞ ആഗസ്റ്റിൽ വിദ്യ ചേർത്തലയിലെ വീട്ടിലേക്ക് പോയ സമയത്താണ് സുനിത എത്തിയത്. പ്രേംകുമാർ കാറിൽ തിരുവനന്തപുരത്തു നിന്ന് സുനിതയെ കൂട്ടിക്കൊണ്ടു വരികയായിരുന്നു.
ഇരുവരെയും ഇന്നലെ ആമേടയിലെ വാടക വീട്ടിലെത്തിച്ചത് തെളിവെടുത്തു. സുനിതയെ വീട്ടിൽ കണ്ടതായി ഓർക്കുന്നില്ലെന്ന് സമീപവാസികൾ മൊഴി നൽകി.
വിദ്യയെ കൊലപ്പെടുത്താനുള്ള കയർ വാങ്ങിയത് തൃപ്പൂണിത്തുറിയിലെ ഒരു കടയിൽ നിന്നാണ്. കടക്കാരൻ പ്രേംകുമാറിനെ തിരിച്ചറിഞ്ഞു. പുതിയകാവ് ചൂരക്കാടുള്ള ബിവറേജ് ഷോപ്പിൽ നിന്നാണ് മദ്യം വാങ്ങിയത്. കയറും മദ്യവും കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചു. ഇതിനുശേഷമാണ് വിദ്യയേയും കൂട്ടി തിരുവനന്തപുരത്തെ വില്ലയിലേക്ക് പുറപ്പെട്ടത്.
സെപ്‌തംബർ 21 ന് പുലർച്ചെ പ്രേംകുമാർ കൊലപാതകം നടത്തിയ ശേഷം സുനിതയാണ് മരണം സ്ഥിരീകരിച്ചത്. പിന്നീട് മൃതദേഹം ബാത്ത്റൂമിൽ ഒളിപ്പിച്ചു. 21ന് രാവിലെ എട്ടിന് പതിവു പോലെ സുനിത കളിയിക്കാവിളയിലെ ആശുപത്രിയിൽ ജോലിക്ക് പോയി. പ്രേംകുമാർ നിർദ്ദേശിച്ചതനുസരിച്ച് ഒരു മണിക്കൂർ നേരത്തെ നാലു മണിയോടെ മടങ്ങിയെത്തി. മൃതദേഹം എന്തു ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലായിരുന്നു പ്രേംകുമാർ. ദുർഗന്ധം വമിക്കാനും തുടങ്ങി. ഇതോടെ സ്‌കൂൾ പഠനകാലത്തെ ഇരുവരുടെയും സുഹൃത്തിനെ വിളിച്ച് എന്തു ചെയ്യണമെന്ന് ചോദിച്ചു. തമിഴ്നാട്ടിലെ ഏതെങ്കിലും ഹൈവേയുടെ സമീപം കൊണ്ടു തള്ളാനുള്ള നിർദ്ദേശം നടപ്പാക്കുകയായിരുന്നുവെന്നും ചോദ്യം ചെയ്യലിൽ പ്രേംകുമാർ വെളിപ്പെടുത്തി. തിരുവനന്തപുരം സ്വദേശിയായ സഹായി കൊലപാതകം മറച്ചുവച്ചതിന് പ്രതിയാകും. കൊലപാതകത്തിന് ഉപയോഗിച്ച കയർ ഉപേക്ഷിച്ച തിരുവനന്തപുരത്തെ സ്ഥലം കാട്ടിത്തരാമെന്നും പ്രേംകുമാർ സമ്മതിച്ചു. ഇന്ന് തിരുവനന്തപുരം പേയാടുള്ള വില്ലയിൽ ഇരുവരെയും തെളിവെടുപ്പിനായി എത്തിച്ചേക്കും. ഈ മാസം 24 വരെ പ്രതികൾ പൊലീസ് കസ്‌റ്റഡിയിലുണ്ട്.