കൊച്ചി : വിദ്യാർത്ഥികൾക്ക് കൺസെഷൻ അനുവദിക്കുന്നത് നയ തീരുമാനമാണെന്നും കോടതിക്ക് ഇതിലിടപെടാൻ കഴിയില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ബസ് യാത്രാ നിരക്കും വിദ്യാർത്ഥികളുടെ കൺസെഷനും വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആൾ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് വിശദീകരണം.
സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്ക് കൺസെഷൻ അനുവദിക്കുന്നത് സാമൂഹ്യ നീതിയുടെ ഭാഗമാണെന്ന് ഗതാഗത വകുപ്പ് അണ്ടർ സെക്രട്ടറി എസ്. സ്മിത നൽകിയ മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു. സ്വകാര്യ ബസുകളിലെ യാത്രക്കാരിൽ പകുതിയും വിദ്യാർത്ഥികളാണെന്നും കൺസെഷന്റെ ഭാരം തങ്ങളുടെ ചുമലിലാണെന്നും ഹർജിക്കാർ അവകാശപ്പെടുന്നത് ശരിയല്ല. ഇതു തെളിയിക്കാനുള്ള വിവരങ്ങളോ വസ്തുതകളോ ഹർജിയിൽ ഇല്ല. എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചില സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇപ്പോൾ സ്വന്തമായി വാഹനമുണ്ട്. സർക്കാർ കൺസെഷൻ നിരക്ക് നിശ്ചയിച്ചത് സ്വേച്ഛാപരമോ നിയമവിരുദ്ധമോ അല്ല. മോട്ടോർ വെഹിക്കിൾ നിയമത്തിലെ അധികാരം ഉപയോഗിച്ച് 2018 ഫെബ്രുവരി 26 ന് ഇറക്കിയ ഉത്തരവനുസരിച്ചാണ് കൺസെഷൻ ഇപ്പോൾ അനുവദിച്ചിട്ടുള്ളത്.
നിരക്കിനെക്കുറിച്ച് പരാതിയുണ്ടെങ്കിൽ ജസ്റ്റിസ് എം. രാമചന്ദ്രൻ കമ്മിഷനെയോ സർക്കാരിനെയോ ഹർജിക്കാർ സമീപിക്കേണ്ടിയിരുന്നു. വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ, യൂണിഫോം, ഉച്ചഭക്ഷണം തുടങ്ങിയവ സൗജന്യമായി നൽകുന്നതും യാത്രാ നിരക്കിൽ കൺസെഷൻ അനുവദിക്കുന്നതും സർക്കാരിന്റെ ഭരണഘടനാപരമായ ബാദ്ധ്യതയാണ്.